തിരുവനന്തപുരം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്നും പ്രതിഷേധം കടുക്കും. ഇന്നലെ കയ്യിൽ കർപ്പൂരം കത്തിച്ചു നടപ്പാതയിലൂടെ മുട്ടിലിഴഞ്ഞും ഉദ്യോഗാർത്ഥികൾ സഹന സമരം നടത്തിയിരുന്നു.ഈ മാസം 19നാണ് വനിതാ സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.കാലാവധി കഴിയും മുൻപ് പരമാവധി നിയമനം നടത്തുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ മുന്നോട്ട് വയ്ക്കുന്നത്.പല ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ നടത്തുന്ന രാപ്പകൽ സമരം 13 ദിവസം പിന്നിട്ടു. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്
സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം
ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു,ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കും
ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി
എം.എ അറബിക്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല അറബിക് പഠന വകുപ്പിൽ എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന് അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം (സി.സി.എസ്.) വഴി നടക്കുന്ന കോഴ്സ്സിലേക്ക് 20 സീറ്റുകളാണുള്ളത്. സർവ്വകലാശാല നടത്തുന്ന എൻട്രൻസ് വഴിയാണ് അഡ്‌മിഷൻ. അറബിക് മെയിൻ ആയോ സബ് ആയോ ഡിഗ്രി പാസ്സായവർക്കും, ഇപ്പോൾ അഞ്ച്, ആറ് സെമസ്റ്ററിൽ പഠിച്ച് കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. https://admissions.keralauniversity.ac.in/css2025/ എന്ന ലിങ്ക് വഴി എൻട്രൻസിന് അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30. ഫോൺ: 9446827141, 9747318105
വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നത്തൂർ യൂണിയനിൽ പന്തം കൊളുത്തി പ്രകടനം
ശാസ്താംകോട്ട:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ ഭരണിക്കാവിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ഭരണിക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു.തുടർന്ന് നടന്ന യോഗം യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി റാം മനോജ്,യാേഗം ഡയറക്ടർ ബോർഡ് മെമ്പർ ബേബി കുമാർ ,കൗൺസിലർമാരായ നെടിയവിള സജീവൻ,പ്രേം ഷാജി,അഡ്വ.സുധാകരൻ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുഗതൻ,രഞ്ജിത്ത്,ശാഖാ യോഗം ഭാരവാഹികൾ,വനിതാ സംഘം,യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രഭാത സവാരിക്കിടെ റിട്ട.റെയിൽവേ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
കുന്നത്തൂർ:പ്രഭാത സവാരിക്കിടെ റിട്ട.റെയിൽവേ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.കുന്നത്തൂർ കിഴക്ക് ഗുരുമന്ദിരം ജങ്ഷൻ നിരണത്തു വടക്കതിൽ എൻ.ചന്ദ്രശേഖരൻ പിള്ള (72) ആണ് മരിച്ചത്.ഇന്ന് രാവിലെ 7 ഓടെ വീടിനു സമീപമുള്ള റോഡിലാണ് കുഴഞ്ഞു വീണത്.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹംബുധനാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിനു കേസ്സെടുത്തു.ഭാര്യ: ഓമന അമ്മ.മക്കൾ:ദിവ്യ സി.ഒ (ടീച്ചർ, ജി.യു.പി.എസ് ചവറ സൗത്ത്),ധന്യ സി.ഒ (ടീച്ചർ,ജി.എൽ.പി.എസ് കരിമ്പിൻപുഴ, കുന്നത്തൂർ),ദീഷ്മ സി.ഒ.മരുമക്കൾ:ദിനിൽ കുമാർ (കെഎസ്ആർടിഎസ് ),രാകേഷ് പിള്ള (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റ്),ഹരി ജി.എസ് (മാനേജർ സ്നൈഡർ)
സഞ്ചയനം:തിങ്കൾ രാവിലെ 8 ന്.
കണ്ണനല്ലൂരിൽ വയോധികയെ ആക്രമിച്ച യുവാവിനെ റിമാൻ്റ് ചെയ്തു
കൊല്ലം:
വയോധിയെ അക്രമിച്ച സംഭവത്തിൽ യുവാവിനെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് മുളവറക്കുന്നിൽ കിഴങ്ങു വിള തെക്കതിൽ വീട്ടിൽ 37 വയസുള്ള ഷാനവാസിനെയാണ് കണ്ണനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷാനവാസിന്റെ അയൽവാസിയായ വയോധിക അടുത്തിടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒരു ക്യാമറ വീടിന്റെ മുൻവശത്തുള്ള റോഡിലെ ദൃശ്യങ്ങൾ പതിയുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. തങ്ങളുടെ പുരയിടത്തിലേക്ക് ആരെങ്കിലും അതിക്രമിച്ച്കയറുന്നുണ്ടോ എന്ന് അറിയുന്നതിനായാണ്ഈ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറഎന്തിനാണ് റോഡിലേക്ക് തിരിച്ച് വച്ചിട്ടുള്ളത് എന്ന് ചോദിച്ചുകൊണ്ട് ക്യാമറ തല്ലിത്തകർത്തു. ശബദം കേട്ട് വീടിന് പുറത്തിറങ്ങിയ വയോധിക എന്താണ് പ്രശ്നം എന്ന് ചോദിച്ചു.ഇതിൽ പ്രകോപിതനായ ഇയാൾ വയോധികയെ അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച തള്ളി താഴയിടുകയും ചെയ്തു. നിലവിളികേട്ട്ഓടിയെത്തിയ വയോധികയുടെ ഭർത്താവിനെയും ഇയാൾ ക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ വിവരുറിയിച്ചതിനെത്തുടർന്ന് കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിലെടുക്കുകയായിരുന്നു. ഷാനവാസ് മദ്യപിക്കാൻ പോകുന്നതും വരുന്നതും കാണുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചത് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കണ്ണനല്ലൂർ സി ഐ എസ്. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ജിബിൻ, ഹരിസോമൻ , സി പി ഒ മാരായ അത്തിഫ് , ഷാനവാസ്, ഹുസൈൻ, ഷാനവാസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു
ഓയൂര്‍: ചെറുവക്കല്‍ ഇളമാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിലെ പിന്‍സീറ്റ് യാത്രികയായ നവവധു മരിച്ചു. ഇളമാട് അമ്പലംമുക്ക് താന്നി വിളവീട്ടില്‍ ജിതിന്‍ ജോയിയുടെ ഭാര്യ: സാന്ദ്രവില്‍സണ്‍( 24 )ആണ് മരിച്ചത്. തിങ്കള്‍ രാത്രി 11 മണിയോടെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്ന വഴി ഇളമാട് കുഞ്ഞിയാല്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് എതിര്‍ ദിശയില്‍ വന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സാന്ദ്രയെആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. സാരമായി പരിക്കേറ്റ ജിതിന്‍ ജോയിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം വിദേശത്തേക്ക് മടങ്ങിപ്പോയ ജിതില്‍ 3 ദിവസം മുന്‍പാണ് നാട്ടില്‍ മടങ്ങി എത്തിയത്.
സാന്ദ്രയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. ചടയമംഗലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട് .
‘സംസ്ഥാന സർക്കാർ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണം; മുനമ്പം നിവാസികളെ ഇനിയും ദുരിതത്തിലാക്കരുത്’
തിരുവനന്തപുരം: മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി നിയമം യാഥാർഥ്യമാക്കിയതിലൂടെ, മുനമ്പത്തെ ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും നിർണായകവുമായ തീരുമാനമാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടതെന്നും ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
‘‘നിയമം നടപ്പിലാക്കുന്നതിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, പുതുതായി കൂട്ടിച്ചേർക്കപ്പെട്ട സെക്ഷൻ 2എ അനുസരിച്ച് മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഉടൻ കൈക്കൊള്ളണം. സൊസൈറ്റികൾക്കോ, ട്രസ്റ്റുകൾക്കോ ഒരു പ്രത്യേക കാര്യത്തിനായി നൽകിയിട്ടുള്ള വസ്തുക്കൾ വഖഫ് ബോർഡിന് അവകാശപ്പെടാൻ കഴിയില്ലയെന്നു സെക്ഷൻ 2എ പ്രകാരം വ്യക്തമായതിനാൽ, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുനമ്പം ജനതയിൽ തന്നെ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തിൽ റവന്യു അവകാശം പുനഃസ്ഥാപിക്കുക എന്ന കാര്യം മാത്രമാണ് സർക്കാർ ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ ഇനിയെങ്കിലും പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണം. മുനമ്പം നിവാസികളെ ഇനിയും കൂടുതൽ ദുരിതത്തിലാക്കരുത്. ശാശ്വതമായൊരു പരിഹാരമാണ് മുനമ്പത്തുകാർ പ്രതീക്ഷിക്കുന്നത്.’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുറിച്ച് വെച്ച പഴവർഗ്ഗങ്ങൾക്ക് ചുറ്റും ഈച്ച ശല്യമുണ്ടോ? ഇത്രയും ചെയ്താൽ മതി
മുറിച്ച് വെച്ച പഴവർഗ്ഗങ്ങൾ കുറച്ച് കഴിയുമ്പോൾ നിറം ബ്രൗൺ ആവുകയും രുചിയിൽ വ്യത്യാസം വരുകയും ചെയ്യാറുണ്ട്. എല്ലാ വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇത്. ഇതിന് കാരണം പഴവർഗ്ഗങ്ങളിൽ വന്നിരിക്കുന്ന ഈച്ചയാണ്. മുറിച്ചുവെച്ച പഴവർഗ്ഗങ്ങളിൽ ഈച്ച വരാതിരിക്കാൻ ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.
എപ്പോഴും വൃത്തിയായി സൂക്ഷിക്കാം
ഈച്ചകൾ വരാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടത് അവയെ ആകർഷിക്കുന്ന കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുകയാണ്. ചിലപ്പോൾ അത് മലിനമായ ഭക്ഷണമാകാം. അല്ലെങ്കിൽ അഴുക്ക് പിടിച്ച സിങ്കുമാകാം. അതിനാൽ തന്നെ എപ്പോഴും വൃത്തിയായി സാധനങ്ങൾ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ വീടിന് അകത്ത് സൂക്ഷിക്കാതെ പെട്ടെന്ന് ഒഴിവാക്കുക, ഭക്ഷണാവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങൾ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പ്രാണികളും ഈച്ചകളും വരുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.
വേസ്റ്റ് ബിൻ
ചവറ്റുകുട്ടയിൽ മാലിന്യം നിറഞ്ഞാൽ അവ എളുപ്പത്തിൽ നീക്കം ചെയ്ത് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ചവറുകൾ നിറഞ്ഞിരുന്നാൽ പലതരം പ്രാണികളും ഈച്ചകളും അതിലേക്ക് ആകർഷണമാവുകയും പുറത്തേക്ക് പോകാതിരിക്കുകയും ചെയ്യുന്നു. കൂടാതെ ചവറ്റുകുട്ട എപ്പോഴും അടച്ച് സൂക്ഷിക്കാനും ശ്രദ്ധിക്കണം.
ഫ്രിഡ്ജിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം
അമിതമായി പഴുത്തുപോയ പഴവർഗ്ഗങ്ങൾ അടുക്കളയിലോ ഫ്രിഡ്ജിലോ സൂക്ഷിക്കാൻ പാടില്ല. എന്ത് തരം ഭക്ഷണങ്ങൾ ആയാലും അവ അടുക്കളയിൽ തുറന്നുവെക്കാതിരിക്കാം. ഭക്ഷണ സാധനങ്ങൾ എപ്പോഴും വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.
ഡ്രെയിൻ വൃത്തിയാക്കി സൂക്ഷിക്കാം
അഴുക്കുള്ള സ്ഥലങ്ങളിലാണ് പ്രാണികൾ പെറ്റുപെരുകുന്നത്. ഈ പ്രാണികൾ പിന്നീട് ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുകയും ചെയ്യും. അതിനാൽ തന്നെ എപ്പോഴും ഡ്രെയിനുകൾ വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. ബേക്കിംഗ് സോഡ, വിനാഗിരി എന്നിവയ്‌ക്കൊപ്പം ചൂടുവെള്ളം ചേർത്ത് ഒഴിച്ചാൽ ഡ്രെയിനിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഇത് പ്രാണികൾ വരുന്നത് തടയുകയും ചെയ്യുന്നു.
ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ സന്തോഷ വാർത്ത, കെഎസ്ആർടിസിക്ക് 102.62 കോടിയുടെ സഹായം അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: കെ എസ് ആർ ടി സിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെൻഷൻ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന് ആകെ 1612 കോടി രൂപയാണ് സർക്കാർ സഹായമായി നൽകിയത്. 900 കോടി രൂപ ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നു. ഇതിന് പുറമേയാണ് 676 കോടി രൂപയാണ് അധികമായും നൽകിയത്.








































