Home Blog Page 1308

എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് വിട്ടു നൽകിയ സംഭവം: പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും ആവശ്യം നിരാകരിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്. എന്നാൽ ഹർജിയിൽ നേരത്തെ തന്നെ അപ്പീൽ പോയിരുന്നതിനാൽ റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് ഹർജി നിരസിച്ചത്. എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ കൈവശമാണ് ഉള്ളത്.

കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു… ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീമിനെതിരേ കേസെടുത്ത് പൊലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞമാസം ക്ഷേത്രത്തിലെ ഉത്സവസമയത്ത് നടന്ന സംഭവത്തിൽ ഗുരുവായൂർ‌ ദേവസ്വം നൽകിയ പരാതിയിലാണ് ടെംപിൾ പൊലീസ് കോസെടുത്തത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അന്ന് നടപ്പുരയിൽ വീഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ജസ്ന വീണ്ടും വീഡ‍ിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

പുത്തൻ തെരുവിൽ അടിപ്പാത അനുവദിച്ചില്ലെങ്കിൽ മരണം വരിക്കേണ്ടി വന്നാലും ഹൈവെ ഗതാഗതം സ്തംഭിപ്പിക്കും, ആക്ഷൻ കൺസിൽ

REP IMAGE

കരുനാഗപള്ളി.പുത്തൻ തെരുവിൽ അടിപ്പാത അനുവദിച്ചില്ലെങ്കിൽ മരണം വരിക്കേണ്ടി വന്നാലും ഹൈവെ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ആക്ഷൻ കൺസിൽ. പുത്തൻ തെരുവിൽ ആരംഭിച്ച അനിശ്ചിത കാല സത്യഗ്രഹ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തി പ്രഖ്യാപിക്കുകയായിരുന്നു ആക്ഷൻ കൺസിൽ രക്ഷാധികാരി അഡ്വ. കെ.പി മുഹമ്മദ് .

നാഷണൽ ഹൈവേ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സമരം ശക്തമാകുന്നതിനാൽ അനിശ്ചിതകാല സമരപ്പന്തൽ പുത്തൻ തെരുവിൽ സി ആർ മഹേഷ് എംഎൽഎ
ഉദ്ഘാടനം ചെയ്തു.
ഇനി വരും തലമുറയ്ക്ക് ആണ് ഇതിൻ്റെ ദുരിതവും ദുഃഖവും ബുദ്ധിമുട്ടും ഏറെ അനുഭവിക്കേണ്ടി വരുന്നത് പുത്തൻ തെരുവിൽ ഉടൻ അടിപ്പാത യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും ജനകീയ സമരം ശക്തമാക്കണമെന്നും അടിപ്പാത നിർമ്മിക്കുന്നത് വരെ ഈ സമരത്തിന് എൻ്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകും എന്നും
സമരപന്തൽ ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎൽഎ പറഞ്ഞു,

ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ടി. ച്ച് ഷമീർ തോട്ടിൻ്റെ തെക്കതിൽ സ്വാഗതം പറഞ്ഞു.
ആക്ഷൻ കൗൺസിൽ ചെയർമാൻ എ.നാസർ കാട്ടും പുറത്ത് അധ്യക്ഷത വഹിച്ചു.
ശക്തികുളങ്ങര ദേവീക്ഷേത്രം വികസന കമ്മിറ്റി അംഗം സി ചന്ദ്രബാബു,
സി പി എം ജില്ലാ കമ്മിറ്റി അംഗം പി.ബി സത്യദേവൻ,
എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി,
ബിജെപി നേതാവ്, വിജയൻ പിള്ള, അഡ്വ: ഷംസുദ്ദീൻ, ഡോ: അനിൽ മുഹമ്മദ്,
ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻമാരായ, ബി കൃഷ്ണകുമാർ,
നാസർ തോപ്പിൽ വടക്കതിൽ ,
കൺവീനറാൻമാരായ
സുധീർ കാട്ടിൽ തറയിൽ, ഇല്യാസ് പോളയിൽ, പഞ്ചായത്ത് അംഗങ്ങളായ
യുസുഫ് കുഞ്ഞ് കൊച്ചയ്യാത്ത്,
അഷറഫ് പോളയിൽ, ഉസൈബ റഷീദ്,
സലീന ജമാൽ, നിസാർ കാഞ്ഞിക്കൽ ,മുസ്ലിംലീഗ് ജില്ലാ ട്രഷറർ എം എ സലാം
എന്നിവർ സംസാരിച്ചു.

കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടിൽ അറിയിച്ചു, പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ നീക്കം

FILE PIC

തിരുവനന്തപുരം. കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടിൽ അറിയിച്ചതിന് പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫഹദിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. ഫഹദ് നിലവിളിച്ചതോടെ വണ്ടിയിൽ എത്തിയവർ രക്ഷപ്പെടുകയായിരുന്നു. ആറു പേർ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം

ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ക്കാരൻ മരിച്ചു

ചാത്തന്നൂർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ക്കാരൻ മരിച്ചു. പാരിപ്പള്ളി കുളമട ശ്യം നിവാസിൽ മുരളീധരൻ പിള്ള (62) യാണ് മരിച്ചത്. ഇന്നലെ
വൈകുന്നേരം മൂന്ന് മണിയോടുകൂടി കുളമട ഭാഗത്ത് നിന്നും വേളമാനൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ലോറിയും എതിർ ദിശയിൽ വന്ന സ്കൂട്ടറും തമ്മിൽ പാരിപ്പള്ളി എള്ളുവിള ജംഗ്ഷന് സമീപത്തുവച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരളിധരനെ നാട്ടുകാർ
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും മരിച്ചിരുന്നു. പാരിപ്പള്ളി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

ഒബിസി വിഭാഗത്തിന് 51% സംവരണം നൽകാൻ കന്നട ജാതി സെൻസസിൽ ശുപാർശ

ബംഗളുരു.കർണാടകയിലെ ജാതി സെൻസസിലെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 94 ശതമാനം പേരും എസ് സി എസ് ടി, ഒ ബി സി വിഭാഗങ്ങളിൽ പെട്ടവർ. ഒന്നരക്കോടിയിലധികം പേർ എസ് സി, എസ് ടി വിഭാഗത്തിൽ പെട്ടവർ. 75 ലക്ഷം മുസ്ലീങ്ങൾ ഒബിസി വിഭാഗത്തിൽ പെട്ടവർ. ജനറൽ വിഭാഗത്തിൽ പെട്ടവർ 30 ലക്ഷത്തിൽ താഴെ. ഒബിസി വിഭാഗത്തിന് 51% സംവരണം നൽകാൻ ജാതി സെൻസസിൽ ശുപാർശ. റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ 17 ന് മന്ത്രിസഭാ യോഗം

ഇത് ഓറഞ്ച് ആര്‍മിക്ക്…

ഐപിഎല്ലിലെ നിരവധി റെക്കോഡുകൾ കണ്ട മത്സരത്തിൽ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിന് കീഴടക്കിയിരിക്കുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 20 ഓവറിൽ 245/6 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, സൺ റൈസേഴ്സ് ഹൈദരാബാദ് വെറും 18.3 ഓവറുകളിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 56 പന്തിൽ 141 റ‌ൺസെടുത്ത അഭിഷേക് ശർമയുടെ ബാറ്റിങ് വിസ്ഫോടനമായിരുന്നു ഹൈദരാബാദിന്റെ വിജയം അനായാസമാക്കിയത്.

മോശം ഫോമിലായിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെ കിടില‌ൻ തിരിച്ചുവരവ് തന്നെയായിരുന്നു ഈ കളിയിലെ ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിലും ഒരു അർധസെഞ്ചുറി പോലും നേടാൻ സാധിക്കാതിരുന്ന അഭിഷേക്, പഞ്ചാബിന് എതിരെ വെടിക്കെട്ടിന്റെ മാലപ്പടക്കം തീർക്കുകയായിരുന്നു. വെറും 40 പന്തുകളിലാണ് അദ്ദേഹം സെഞ്ചുറിയിലേക്ക് എത്തിയത്. സെഞ്ചുറി നേടിയതി‌‌ന് ശേഷം പോക്കറ്റിൽ നിന്ന് ഒരു പേപ്പറെടുത്ത് ഗ്യാലറിയെ കാണിച്ചാണ് അഭിഷേക് ആഘോഷ പ്രകടനം നടത്തിയത്.
ഇതിൽ എഴുതിയത് എന്താണെന്ന് ക്യാമറക്കണ്ണുകൾ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.

‘This one is for Orange Army’, ഇത് ഓറഞ്ച് ആർമിക്ക് ഉള്ളതാണെന്നാണ് അഭിഷേക് ശർമയുടെ പോക്കറ്റിലുണ്ടായിരുന്ന പേപ്പറിൽ എഴുതിയിരുന്നത്. സൺ റൈസേഴ്സ് ഹൈദരാബാദ് ആരാധകരോടുള്ള തന്റെ സ്നേഹമാണ് ഈ ആഘോഷത്തിലൂടെ അഭിഷേക് ശർമ പ്രകടമാക്കിയത്. അഭിഷേകിന്റെ സ്പെഷ്യൽ സെഞ്ചുറി. ആഘോഷത്തിന് പിന്നാലെ അദ്ദേഹത്തിന് അരികിലെത്തിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ, പേപ്പർ വാങ്ങി അതിലെന്താണെന്ന് ആകാംക്ഷയിൽ നോക്കുകയും ചെയ്തു. എന്തായാലും അഭിഷേകിന്റെ സെഞ്ചുറി ആഘോഷം ക്രിക്കറ്റ് ലോകത്ത് വൈറലായിട്ടുണ്ട്.

വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച കൂടി,സമരം കടുപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരുന്ന വനിത സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച കൂടി മാത്രം. ഇതുവരെയും സർക്കാർ ചർച്ചയ്ക്ക് വിളിക്കാത്ത പശ്ചാത്തലത്തിൽ കടുത്ത സമരമുറകൾ പ്രയോഗിക്കാനാണ് റാങ്ക് ഹോൾഡേഴ്സിൻ്റെ തീരുമാനം. ഇന്നലെ ഒറ്റക്കാലിൽ കല്ലുപ്പിൽ മുട്ട് കുത്തി ഇരുന്നായിരുന്നു സമരം. സമരം ഇന്ന് 12 ആം ദിവസമാണ്. ഇതിനിടെ പല വ്യത്യസ്ത സമര രീതികളും പ്രയോഗിച്ചിട്ടും സർക്കാർ ഇവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. അവസാന ആഴ്ച എങ്കിലും ചർച്ച ഉണ്ടാകും എന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയാണ് ഇവരുടെ സമരാവശ്യം

വഖഫ് ഭേദഗതി, ബംഗാൾ മുർഷിദാബാദിലെ പ്രതിഷേധതിനിടെ ഉണ്ടായ സംഘർഷത്തിൽ മരണം മൂന്ന് ആയി

കൊൽക്കൊത്ത.വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാൾ മുർഷിദാബാദിലെ പ്രതിഷേധതിനിടെ ഉണ്ടായ സംഘർഷത്തിൽ മരണം മൂന്ന് ആയി.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം. അഞ്ച് കമ്പനി ബി എസ് എഫ്  സേന യെ കൂടി മേഖലയിൽ വിന്യസിച്ചു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സാഹചര്യം വിലയിരുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഷിദാബാദിൽ നിരോധനാജ്ഞ തുടരുകയാണ്. കൽക്കട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും.നിംതിത, ഷംഷേർഗഞ്ച്, ജംഗിപുർ, ജാഫ്രാബാദ് പ്രദേശങ്ങളിൽ സംഘർഷം സാഹചര്യം ആണ് നിലവിൽ ഉള്ളത്

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും

കൊച്ചി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. അതിനിടെ തഹാവൂര്‍ റാണയ്ക്ക് കൊച്ചിയില്‍ സഹായം ഒരുക്കിയ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്.
2008ല്‍ രണ്ട് ദിവസങ്ങളില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയില്‍ തഹാവൂര്‍ താമസിച്ചിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ വിവരങ്ങളില്‍ അടക്കം അന്വേഷണ സംഘത്തിന് വ്യക്തത വരേണ്ടതുണ്ട്.
റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.