Home Blog Page 1274

കോംഗോയില്‍ വെള്ളപ്പൊക്കം; 33ലധികംപേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ വെള്ളപ്പൊക്കത്തില്‍ ഏകദേശം 33ലധികം ആളുകള്‍ മരിച്ചതായും നൂറിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായതായും സര്‍ക്കാര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ പെയ്ത പേമാരിയില്‍ എന്‍ജിലി നദി കരകവിഞ്ഞ് ഒഴുകിയതോടെ വീടുകളും റോഡുകളും വെളളത്തിലായി. എയര്‍പ്പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയും വെളളത്തിലായതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. പ്രളയം ഇതേപടി തുടര്‍ന്നാല്‍ മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഴയെത്തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടിട്ടുണ്ട്. വെളളം താഴ്ന്ന് തുടങ്ങിയാല്‍ ജലവിതരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് കിന്‍ഷാസ ഗവര്‍ണര്‍ ഡാനിയേല്‍ ബുംബ ലുബാക്കി പറഞ്ഞു.

സ്കൂട്ടറിൽ അസാധാരണമായൊരു അനക്കവും തണുപ്പും; കളക്ടറേറ്റ് ജീവനക്കാരി വണ്ടിയിൽ നിന്ന് വീണു, സ്കൂട്ടറിൽ പാമ്പ്

കൊച്ചി: സ്കൂട്ടറിന്റെ മുൻഭാഗത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. എറണാകുളം കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്നാണ് ഇന്ന് രാവിലെ പാമ്പിനെ പിടികൂടിയത്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ സ്കൂട്ടറിൽ പാമ്പിനെ കണ്ടു. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു.

വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻ വൈദഗ്ധ്യമുള്ളവരെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളിൽ ഉണ്ടായിരുന്ന വലിയ പാമ്പിനെ പുറത്തെടുത്തത്.

മമ്മൂട്ടി ചിത്രം ബസൂക്ക നാളെ തീയേറ്ററുകളില്‍… ആശംസയുമായി മോഹന്‍ലാലും

മമ്മൂട്ടി ചിത്രം ബസൂക്ക നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഒരിക്കല്‍ക്കൂടി മമ്മൂട്ടി ഒരു നവാഗത സംവിധായകനൊപ്പം എത്തുകയാണ് ഈ വിഷു റിലീസിലൂടെ. ഡീനോ ഡെന്നിസ് ആണ് സംവിധായകന്‍. റിലീസിന് മുന്‍പായി പുതിയൊരു ടീസര്‍ കൂടി അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. 1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. അതില്‍ ത്രസിപ്പിക്കുന്ന മമ്മൂട്ടിയും.
ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. പ്രിയ ഇച്ചാക്കയ്ക്കും ടീമിനും ആശംസകള്‍, എന്നാണ് ടീസര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

5 ലക്ഷം രൂപ ലോണിന് 18 ഇഎംഐ അടച്ചു, പലിശ കൂടിയപ്പോൾ നേരത്തെ അടച്ചുതീർക്കാൻ ശ്രമം; തട്ടിപ്പുകാർ കവർന്നത് 10 ലക്ഷം

മുംബൈ: വീടുവെയ്ക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുത്ത ലോൺ അടച്ചുതീർക്കാൻ ശ്രമിച്ച 40കാരി ചെന്നുവീണത് വൻ കെണിയിൽ. അഞ്ചേകാൽ ലക്ഷം രൂപയുടെ വായ്പ തീർക്കാൻ ശ്രമിച്ച യുവതിക്ക് ഒടുവിൽ പത്ത് ലക്ഷത്തോളം രൂപ നഷ്ടമായി. എന്നാൽ ലോൺ ബാധ്യത പഴയതുപോലെ തന്നെ തുടരുകയും ചെയ്യുന്നു. മുംബൈ സയണിലെ ശാസ്ത്രിനഗർ സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സിഎസ്‍ടി റെയിൽവെ സ്റ്റേഷന് സമീപത്തെ ഒരു സ്റ്റേഷനറി കടയിൽ ജോലിക്ക് നിൽക്കുന്ന യുവതി വീട് വെയ്ക്കാൻ ആകെ 5.20 ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിയുന്ന ഇവ‍ർ ഇതിനോടകം 22,349 രൂപ വീതമുള്ള 18 ഇഎംഐകൾ അടച്ചുതീർത്തതായി പരാതിയിൽ പറയുന്നു. എന്നാൽ വലിയ പലിശ നിരക്ക് കാരണം ബാധ്യത കൂടിക്കൂടി വന്നതോടെ ലോൺ പെട്ടെന്ന് അടച്ചുതീർക്കാൻ വേണ്ടി ബന്ധുക്കളിൽ നിന്ന് കുറച്ച് പണം കടം വാങ്ങി. ആറ് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ വാങ്ങിയത്.

തുടർന്ന് ലോൺ അടച്ചുതീർക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ ഗൂഗിളിൽ നിന്ന് ധനകാര്യ സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു ചോദിച്ചു. എന്നാൽ തട്ടിപ്പുകാർ തെറ്റായി നൽകിയിരുന്ന ഫോൺ നമ്പറാണ് യുവതിക്ക് ലഭിച്ചത്. ഈ നമ്പറിൽ വിളിച്ച് ലോൺ ക്ലോസ് ചെയ്യുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ പല അക്കൗണ്ട് നമ്പറുകൾ നൽകുകയും അവയിലേക്ക് ഓരോന്നിലേക്കും നിശ്ചിത തുക വീതം അയക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ നമ്പറിലേക്കൊക്കെ യുവതി പണം കൈമാറി. രണ്ട് ദിവസം കൊണ്ട് ആരെ 5,99,069 രൂപയാണ് ഇങ്ങനെ നൽകിയത്.

എന്നാൽ പണമൊന്നും ലോൺ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലാക്കി സൈബ‍ർ ക്രൈം ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭവങ്ങളെല്ലാം. എന്നാൽ ഇതിന് ശേഷവും ലോൺ അടച്ചുതീർക്കാൻ ശ്രമം തുടർന്നു. സഹോദരനിൽ നിന്ന് നാല് രൂപ വാങ്ങി. വീണ്ടും ഗൂഗിൾ ചെയ്ത് കസ്റ്റമർ കെയർ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ഇത്തവണയും മറ്റൊരു തട്ടിപ്പ് സംഘത്തിന്റെ കെണിയിലാണ് വീണത്. ഏപ്രിൽ മൂന്നാം തീയ്യതി 3,07,524 രൂപ ഇവർ നൽകിയ അക്കൗണ്ടിലേക്കും കൈമാറി.

ആകെ 9,06,593 രൂപ രണ്ട് തവണയായി നഷ്ടപ്പെട്ടെന്ന് കാണിച്ച് യുവതി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ലോൺ ബാധ്യത ഇപ്പോഴും പഴയത് പോലെ നിലനിൽക്കുകയും ചെയ്യുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

11 കാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി; വെളിപ്പെടുത്തൽ രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നൽകി. രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തിൽ കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു.

പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുടുംബ കോടതിയിൽ രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പീ‍ഡന വിവരം അമ്മയോട് പറഞ്ഞെങ്കിലും ഇത് പുറത്ത് പറയുന്നത് അമ്മ വിലക്കിയെന്നാണ് കുട്ടി മൊഴി നൽകുന്നത്.

ഇയാളെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടത്തെന്നും കുട്ടി മൊഴി നൽകി. കേസ് പോത്തൻകോട് പൊലീസിന് കൈമാറും. കേസിൽ അമ്മയുടെ സുഹൃത്ത് ഒന്നാംപ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.

ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം

ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ. രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.

ചൂട് കൂടും; 12 ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളില്‍ താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും ബുധനാഴ്ചയും ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കുളവാഴ നീക്കം ചെയ്യല്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ

ന്യൂഡെല്‍ഹി. ജലാശയങ്ങളിലെ കുളവാഴ നീക്കം ചെയ്യുന്നത് എംജിഎൻആർഇജിഎസിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എം.ജി.എൻ.ആർ.ഇ.ജി.എസ്.) ഉൾപ്പെടുത്തി കുട്ടനാടൻ മേഖലയിലെ ജലാശയങ്ങളിൽ നിന്ന് കുളവാഴ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നൽകി.

നദികളിലും കനാലുകളിലും നെൽവയലുകളിലും അനിയന്ത്രിതമായ കുളവാഴ പെരുകുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതികവും ഉപജീവനവുമായ വെല്ലുവിളികൾ ഉയർത്തിക്കാട്ടി സുരേഷ്, ആക്രമണകാരിയായ സസ്യങ്ങൾ ഉൾനാടൻ ജലഗതാഗതത്തെ സാരമായി തടസ്സപ്പെടുത്തുകയും ജലസേചന ചാലുകളെ തടസ്സപ്പെടുത്തുകയും നെൽക്കൃഷിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.

സമുദ്രനിരപ്പിന് താഴെയുള്ളതും പ്രവർത്തനക്ഷമമായ ജല പരിപാലന സംവിധാനങ്ങളെ വളരെയധികം ആശ്രയിക്കുന്നതുമായ താഴ്ന്ന കാർഷിക മേഖലയായ കുട്ടനാട്ടിലെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതത്തെ ഈ പ്രശ്നം സാരമായി ബാധിക്കുന്നുണ്ടെന്ന് സുരേഷ് കത്തിൽ പറഞ്ഞു.

കേന്ദ്രാനുമതിയും സാങ്കേതിക പിന്തുണയും ലഭിച്ചാൽ കുട്ടനാട്ടിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുളവാഴ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എംജിഎൻആർഇജിഎസിന് കീഴിൽ അത്തരം ജോലികൾ അനുവദിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹം മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു, ഘടനാപരമായതും മിഷൻ-മോഡ് സമീപനത്തിനും ജലാശയങ്ങളുടെ സുസ്ഥിരമായ ശുചീകരണം, പരിപാലനം, പുനരുദ്ധാരണം എന്നിവ ഉറപ്പാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിലെ ജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണവും ഉപജീവനോപാധിയും ഉറപ്പാക്കാൻ മന്ത്രാലയത്തിൻ്റെ അനുകൂലമായ നടപടികൾ അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.

താനെയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

.മഹാരാഷ്ട്രയിലെ താനെയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു, 20കാരൻ അറസ്റ്റിൽ. ചോക്ലേറ്റും ചിപ്സും കാണിച്ച് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. കൊലപാതക ശേഷം മൃതദേഹം കെട്ടിടത്തിന് താഴെക്ക് ഇട്ടു

പ്രതിയെ പോലീസ് പിടികൂടി. വീട്ടുജോലി ചെയ്യുന്ന അമ്മ പുറത്തുപോയ സമയത്താണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്

പാതിവില തട്ടിപ്പ്; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പാതിവില തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി.

സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.