ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ

Advertisement

രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങാൻ നമുക്ക് കഴിയില്ല. ടീ ബാഗുകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കിയ ശേഷം മിക്കവാറും പേർ അത് എടുത്ത് കളയുകയാണ് പതിവ്. എന്നാൽ നിങ്ങൾക്കറിയാമോ, ഈ ‘ഉപയോഗിച്ച് തീർന്ന’ ടീ ബാഗുകൾ നിങ്ങളുടെ പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള ഉത്തമമായ പരിഹാരമാണെന്ന്? വിവിധതരം ടീ ബാഗുകളിലെ പ്രത്യേകിച്ച് ഗ്രീൻ ടീ, കട്ടൻ ചായ ആൻ്റി ഓക്സിഡൻ്റുകളും ടാനിക് ആസിഡും കഫീനും ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. ടീ ബാഗുകൾ സൗന്ദര്യ സംരക്ഷണത്തിനായി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നോക്കാം.

കണ്ണിനടിയിലെ കറുപ്പും വീക്കവും മാറ്റാൻ

ഉറക്കമില്ലായ്മയോ കമ്പ്യൂട്ടറിന് മുന്നിലെ നീണ്ട ഇരിപ്പോ കണ്ണിന് താഴെ വീക്കവും കറുപ്പും ഉണ്ടാക്കുന്നത് സാധാരണമാണ്. ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകളോ കട്ടൻ ചായ ബാഗുകളോ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. ഇത് 10 മുതൽ 15 മിനിറ്റ് വരെ അടച്ച കണ്ണിന് മുകളിൽ വെക്കുക. ടീ ബാഗിലെ കഫീൻ രക്തക്കുഴലുകളെ ചുരുക്കാൻ സഹായിക്കും. കൂടാതെ ടാനിൻസ് വീക്കം കുറച്ച് കണ്ണിന് ആശ്വാസം നൽകുകയും ക്ഷീണം മാറ്റുകയും ചെയ്യും.

ചർമ്മത്തിന് തിളക്കം നൽകാൻ സ്ക്രബ്ബ്
നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്ത് ചർമ്മത്തിന് തിളക്കം നൽകാൻ ഉപയോഗിച്ച ടീ ബാഗുകൾ ഒരു മികച്ച പ്രകൃതിദത്ത എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കും. ടീ ബാഗ് പൊട്ടിച്ച് അതിലെ തേയില ഇലകൾ ഒരു ബൗളിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും അൽപം പഞ്ചസാരയോ ഒലിവ് ഓയിലോ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് മൃദുവായി മസാജ് ചെയ്യുക. ഇത് സുഷിരങ്ങളിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്ത് ചർമ്മം മൃദുവാകാനും മുഖക്കുരു വരുന്നത് തടയാനും സഹായിക്കുന്നു.

സൂര്യതാപം ശമിപ്പിക്കാൻ
വേനൽക്കാലത്ത് വെയിലുകൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും കുറയ്ക്കാൻ ടീ ബാഗുകൾക്ക് കഴിയും. തണുപ്പിച്ച കട്ടൻ ചായ ബാഗുകൾ സൂര്യതാപം ഏറ്റ ഭാഗത്ത് 10-15 മിനിറ്റ് വെക്കുക. ടീ ബാഗുകളിലെ ടാനിക് ആസിഡ് ചർമ്മത്തിലെ വേദനയെയും വീക്കത്തെയും ശമിപ്പിക്കാൻ സഹായിക്കും.

മുഖക്കുരുവിനും പാടുകൾക്കും പരിഹാരം
ഗ്രീൻ ടീ ബാഗുകൾക്ക് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. തണുപ്പിച്ച ഗ്രീൻ ടീ ബാഗ് നേരിട്ട് മുഖക്കുരുവിന് മുകളിൽ വെക്കുക. ഇത് മുഖക്കുരുവിൻ്റെ വീക്കം കുറയ്ക്കുകയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രകൃതിദത്ത ടോണർ / ആവി പിടിക്കാൻ
ചായയിലെ പോഷകങ്ങൾ അടങ്ങിയ വെള്ളം ചർമ്മത്തിന്റെ pH ബാലൻസ് നിലനിർത്താൻ സഹായിക്കും. ഉപയോഗിച്ച ടീ ബാഗുകൾ വീണ്ടും വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം തണുപ്പിച്ച ശേഷം ടോണർ ആയി ഉപയോഗിക്കുക. അല്ലെങ്കിൽ ടീ ബാഗ് പൊട്ടിച്ചിട്ട വെള്ളത്തിൽ 5 മിനിറ്റ് ആവി പിടിക്കുന്നത് മുഖത്തെ പാടുകൾ മങ്ങാൻ സഹായിക്കും.

ശ്രദ്ധിക്കുക: ഉപയോഗിക്കുന്നതിന് മുൻപ് ടീ ബാഗ് ചെറുതായി നനവുള്ളതും തണുത്തതുമാണെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥതകളോ തോന്നിയാൽ ഉപയോഗം നിർത്തുക.

ഇനി ചായ കുടിച്ച ശേഷം ടീ ബാഗ് വലിച്ചെറിയുന്നതിന് മുൻപ്, നിങ്ങളുടെ സൗന്ദര്യത്തിന് അതൊരു മുതൽക്കൂട്ടാണെന്ന് ഓർക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here