ഓണത്തിന് നമ്മുടെ വീട് എങ്ങനെയായിരിക്കണം…. അലങ്കാരങ്ങളും വൃത്തിയാക്കലും

Advertisement

ഓണം പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണ്. ഓണക്കോടി എടുത്തും സദ്യക്കുള്ള വിഭവങ്ങള്‍ തീരുമാനിച്ചും ഓണപ്പരിപാടികളും മറ്റും പ്ലാന്‍ ചെയ്തും തിരക്കിലാകും മലയാളികള്‍. തിരക്കിനിടയില്‍ വിട്ടു പോകാന്‍ പാടില്ലാത്ത ഒന്നാണ് വീട് വൃത്തിയാക്കലും അലങ്കാരവും.
ഓണത്തിന് വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ വീടും പരിസരവും അലങ്കരിക്കേണ്ടത് വളരെ പ്രധാനമാണ്. മലയാളികളുടെ ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകം കൂടിയാണിത്. അലങ്കാരമില്ലാതെ മലയാളികള്‍ക്ക് ആഘോഷങ്ങളില്ലെന്ന് തന്നെ പറയാം.

പൂക്കളമിടാം….
ഓണത്തിന്റെ പ്രധാനഘടകങ്ങളില്‍ ഒന്നാണ് വീട്ടുമുറ്റത്ത് ഒരുങ്ങുന്ന പൂക്കളങ്ങള്‍. മാവേലിയെ വരവേല്‍ക്കാന്‍ അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കും. ഓരോ ദിനത്തിനും അനുസരിച്ച് പൂക്കളുടെ നിറവും പൂക്കളത്തിന്റെ വലുപ്പവും മാറും. പൂക്കളം തീര്‍ക്കുന്നതിന് കൃത്യമായ കണക്കുകളുണ്ട്. പൂക്കളം മാത്രമല്ല വീട്ടകങ്ങള്‍ അലങ്കരിക്കാനും പൂക്കള്‍ ഉപയോഗിക്കാറുണ്ട്. ഉത്സവ പ്രതീതി ഉളവാക്കുന്ന ഓറഞ്ചും മഞ്ഞയും ചെണ്ടുമല്ലി പൂക്കള്‍ അലങ്കാരത്തിനായി ഉപയോഗിക്കാം.

പൂക്കളാല്‍ വീടൊരുക്കാം
ജമന്തി എന്നും ബന്ദി എന്നുമൊക്കെ വിളിപ്പേരുള്ള ചെണ്ടുമല്ലി മാലകോര്‍ത്ത് വാതില്‍, ചുമര്‍ എന്നിവ അലങ്കരിക്കാവുന്നതാണ്. കൂടാതെ ഓട്ടുരുളിയില്‍ വെള്ളം നിറച്ച് ചെണ്ടുമല്ലി, ആമ്പല്‍ എന്നിവ മനോഹരമായി നിരത്തിയും അലങ്കരിക്കാം. ഇത് കേരള തനിമയും പാരമ്പര്യവും വീട്ടിലും മനസിലും നിറക്കും.

ഫര്‍ണിച്ചര്‍ എങ്ങനെ വേണം
വീട്ടകങ്ങള്‍ക്ക് ഭംഗി കൂട്ടുന്നതില്‍ ഫര്‍ണിച്ചറുകളുടെ സ്ഥാനം അത്ര ചെറുതല്ല. കേരള തനിമയില്‍ തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളാണ് ഓണം വൈബിന് കൂടുതല്‍ മാച്ച് ആകുന്നത്. അവയ്ക്ക് അനുസരിച്ചുള്ള കുഷ്യനുകളും കുഷ്യന്‍ കവറുകളും കൂടി ആയാല്‍ പ്രൗഢിയേറും. മോഡേണ്‍ ഫര്‍ണിച്ചറുകള്‍ തത്കാലം മാറ്റിനിര്‍ത്തുന്നതാകും നല്ലത്.

വീട് വൃത്തിയാക്കല്‍… എവിടെ തുടങ്ങണം
ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് മലയാളികള്‍. വീടും പരിസരവും സാധാരണയായി ദിവസവും എന്ന പോലെ വൃത്തിയാക്കുന്നവരാണ് നമ്മള്‍. എന്നിരുന്നാലും ഒരാഘോഷം വരുന്നു എന്ന് കണ്ടാല്‍ പ്രത്യേകമായൊരു വൃത്തിയാക്കല്‍ ആവശ്യമാണ്.

ദിവസവും ജോലിക്ക് പോകുന്നവരാണെങ്കില്‍ വീട് വൃത്തിയാക്കുക എന്നത് ദിവസവും സാധ്യമാകില്ല. അങ്ങനെയുള്ളവര്‍ക്ക് ഓണത്തിന് വീട് വൃത്തിയാക്കുക അല്‍പം കഠിനമാണ്. അങ്ങനെയുള്ളവര്‍ക്കാണിത്. വീട് വൃത്തിയാക്കല്‍ എവിടെ തുടങ്ങണം എങ്ങനെ ചെയ്യണം എന്ന് നോക്കാം.
വീട്ടിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ മാറ്റിക്കൊണ്ട് ക്ലീനിങ് ആരംഭിക്കാം. ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂടിക്കിടന്നാല്‍ തന്നെ അഭംഗിയാണ്. ഇവയെ ഒഴിവാക്കി നമുക്ക് വൃത്തിയാക്കലിലേക്ക് കടക്കാം.
ആദ്യം ഫാന്‍ വൃത്തിയാക്കാം. ഫാനുകള്‍ പൊടിപിടിക്കാന്‍ സാധ്യത ഏറ്റവും കൂടുതലുള്ളവയാണ്. ഫാനുകള്‍ നിത്യവും വൃത്തിയാക്കുക അസാധ്യവും. അതിനാല്‍ ആദ്യം ഫാനില്‍ നിന്ന് തന്നെ തുടങ്ങാം. ഫാന്‍ വൃത്തിയാക്കുമ്പോള്‍ അതിന് മുകളിലുള്ള പൊടി പടരാന്‍ സാധ്യതയുള്ളതിനാലും ഫാന്‍ ആദ്യം വൃത്തിയാക്കുന്നതാണ് നല്ലത്.
ഇനി ലൈറ്റുകള്‍ വൃത്തിയാക്കാം. മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് ലൈറ്റുകള്‍ വൃത്തിയാക്കുന്നതാണ് നല്ലത്. പലപ്പോഴും വൃത്തിയാക്കാന്‍ വിട്ടുപോകുന്നവയാണ് കണ്ണാടിയും സോപ്പ് സ്റ്റാന്‍ഡും ക്ലോത്ത് സ്റ്റാന്‍ഡുമെല്ലാം. ഇവയെ വിട്ടുകളയരുത്. വെട്ടിത്തിളങ്ങി നില്‍ക്കുന്ന കണ്ണാടിയൊക്കെ വീടിന് അഴകേകും.

അടുക്കളയിലെ സിങ്ക്, വാഷ് ബേസിനുകള്‍, ടോയ്ലെറ്റ് എന്നിവയും വൃത്തിയാക്കാം. ഇവ വൃത്തിയാക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. പകരം ബേക്കിങ് സോഡ, നാരങ്ങ, വിനാഗിരി ഇവയൊക്കെ ഉപയോഗിക്കാം. ബാത്‌റൂം വൃത്തിയാക്കാനായി ഡിസിന്‍ഫെക്ടന്റുകളും മൈക്രോ ഫൈബര്‍ തുണികങ്ങളും ഉപയോഗിക്കുക.

ഇനി തറ വൃത്തിയാക്കാം. അടിച്ചുവാരി തുടച്ച് കഴിഞ്ഞാല്‍ തറയും ക്ലീന്‍. അവസാനം കിടക്ക വിരികളും കര്‍ട്ടനും കുഷ്യന്‍ കവറുകളും മറ്റും മാറ്റാം. അല്‍പം റൂം ഫ്രഷ്ണര്‍ കൂടി ആയാല്‍ വീട് സ്വര്‍ഗമായി.

Advertisement