ഗ്യാസ് സ്റ്റൗ ഇനി പുത്തൻ പോലെയാകും… ഇതൊന്ന് പരീക്ഷിക്കൂ…

50
Advertisement

ഗ്യാസ് സ്റ്റൗ ഇപ്പോൾ നമ്മളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഉപയോഗിക്കാന്‍ എളുപ്പമുണ്ടെങ്കിലും ഇത് വൃത്തിയാക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്ഥിരമായി വൃത്തിയാക്കി വച്ചില്ലെങ്കിലോ, തീ കത്തുമ്പോള്‍ പൊട്ടലും ചീറ്റലുമെല്ലാം കേള്‍ക്കാം.  ശരിയായ രീതികളും ഉപകരണങ്ങളും ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയായി സൂക്ഷിക്കുന്നത് ഊര്‍ജ്ജം ലാഭിക്കാനും സഹായിക്കും. വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഗ്യാസ് ഓഫാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ചൂടായിരിക്കുമ്പോഴോ പ്രവർത്തിക്കുമ്പോഴോ വൃത്തിയാക്കുന്നത് അപകടങ്ങൾക്കും പൊള്ളലിനും ഇടയാക്കും.
ആദ്യം തന്നെ സ്റ്റൗവിൽ നിന്ന് പാന്‍ സപ്പോര്‍ട്ടും ബർണർ ക്യാപ്പുകളും പതുക്കെ ഉയർത്തി മാറ്റിവയ്ക്കുക. ബർണർ ഹെഡുകളും പുറത്തെടുക്കുക. പുറത്തേക്ക് തൂവുന്ന അടിഞ്ഞുകൂടുന്നത് കാരണം വൃത്തിയാക്കാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗങ്ങളിൽ ഒന്നാണ് പാന്‍ സപ്പോര്‍ട്ടുകള്‍. ഇത് വൃത്തിയാക്കാന്‍ ചൂടുവെള്ളവും കുറച്ച് തുള്ളി ഡിഷ് സോപ്പും മിക്സ് ചെയ്ത ഒരു പാത്രം വെള്ളത്തില്‍ അവ 15-20 മിനുട്ട് മുക്കിവയ്ക്കുക. പിന്നീട് ഇതെടുത്ത് കഴുകുക. അല്ലെങ്കില്‍ ബേക്കിംഗ് സോഡയും വെള്ളവും കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് സ്‌ക്രബ് ബ്രഷ് അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് തുടച്ചു നീക്കുക. തുരുമ്പ് തടയാൻ മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടച്ച് ഉണക്കുക.

ബർണർ ക്യാപ്പുകളും ഹെഡുകളും ഇതുപോലെ ചെറുചൂടുള്ള സോപ്പ് – വിനാഗിരി മിശ്രിതത്തില്‍ മുക്കിവയ്ക്കാം. ശേഷം ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇതും ഉണക്കിയെടുത്ത വേണം സ്റ്റൗവില്‍ തിരിച്ചു വയ്ക്കാന്‍.
സ്റ്റൗ ടോപ്പ് വൃത്തിയാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള പണിയാണ്. ആദ്യം തന്നെ നനഞ്ഞ തുണി ഉപയോഗിച്ച് ഉപരിതലം തുടയ്ക്കുക. ഒരു സ്പ്രേ ബോട്ടിലിൽ വെള്ള വിനാഗിരിയും വെള്ളവും തുല്യ അളവില്‍ കലർത്തുക. ഈ ലായനി സ്റ്റൗവിൻ്റെ ഉപരിതലത്തിലുടനീളം സ്പ്രേ ചെയ്യുക. അവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കുന്ന ഭാഗങ്ങളില്‍ കൂടുതല്‍ സ്പ്രേ ചെയ്യുക, കുറച്ച് ബേക്കിങ് സോഡ കൂടി വിതറുക. ഇത് അവശിഷ്ടങ്ങള്‍ ഇളകിപ്പോരാന്‍ സഹായിക്കും. ശേഷം, ഒരു സ്‌പോഞ്ചോ മൃദുവായ തുണിയോ ഉപയോഗിച്ച് സ്‌ക്രബ് ചെയ്‌ത് തുടച്ച് വൃത്തിയാക്കുക. അവസാനം ഒരു മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് തുടച്ചാല്‍ സ്റ്റൗ വീണ്ടും പുത്തനാകും.

Advertisement