അടുക്കളയിൽ വിശ്രമമെടുക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒന്ന് സിങ്കാണ്. പച്ചക്കറികൾ, പാത്രങ്ങൾ തുടങ്ങിയവ കഴുകി വൃത്തിയാക്കാനാണ് അടുക്കള സിങ്ക് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അടുക്കളയിൽ എപ്പോഴും ഉപയോഗമുള്ളതും സിങ്കിനാണ്. ചില സമയങ്ങളിൽ ചെറിയ രീതിയിലുള്ള തടസ്സങ്ങൾ കാരണം സിങ്ക് അടഞ്ഞുപോവുകയോ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. എപ്പോഴും ഇത് ശരിയാക്കാൻ പ്ലംബറിനെ വിളിച്ച് പണം കളയേണ്ടതില്ല. ചിലത് നമുക്ക് തന്നെ വീട്ടിൽ നിസ്സാരമായി പരിഹരിക്കാൻ സാധിക്കും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ.
സിങ്ക് അടഞ്ഞ് വെള്ളം പോകാതെ ആയാൽ പിന്നെ അടുക്കള പണിമുടക്കേണ്ടതായി വരും. സിങ്ക് അടഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണം അഴുക്കും, ഭക്ഷണാവശിഷ്ടങ്ങളും ഡ്രെയിനിൽ അടിഞ്ഞുകൂടുന്നത് കൊണ്ടാണ്. ഇതിനെ നീക്കം ചെയ്യാൻ വളരെ എളുപ്പമാണ്. ചൂട് വെളളം സിങ്കിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം പിന്നെയും ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് അടഞ്ഞിരിക്കുന്ന സിങ്കിലേ തടസ്സങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
പൈപ്പിന്റെ ലീക്കേജ്
പൈപ്പ് പൂർണമായും അടഞ്ഞിട്ടില്ലെങ്കിൽ വെള്ളം പോയികൊണ്ടേയിരിക്കും. ഇത് ജലത്തെ പാഴാക്കുകയും സിങ്ക് എപ്പോഴും നനഞ്ഞിരിക്കാനും കാരണമാകും. ഇങ്ങനെ സംഭവിക്കാൻ കാരണം ഉള്ളിലെ വാഷർ തേഞ്ഞുപോയത് കൊണ്ടാവാം. ഇത് പരിഹരിക്കാൻ പ്ലമ്പറിന്റെ ആവശ്യമില്ല. ജലവിതരണം പൂർണമായും ഓഫ് ചെയ്തതിന് ശേഷം ടാപ്പ് അഴിച്ചുമാറ്റി തകരാറുള്ള ഭാഗം ഏതാണെന്ന് മനസിലാക്കി അത് മാറ്റിസ്ഥാപിക്കണം. ഇങ്ങനെ ചെയ്താൽ പൈപ്പിന്റെ ലീക്കേജ് തടയാൻ സാധിക്കും.
ഡ്രെയിനിലെ ദുർഗന്ധം
അടുക്കള സിങ്കിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ അതിനർത്ഥം മാലിന്യങ്ങൾ ഡ്രെയിനിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ്. ഇങ്ങനെ ഉണ്ടാവാൻ കാരണം സിങ്ക് ശരിയായ രീതിയിൽ വൃത്തിയാക്കാത്തത് കൊണ്ടാണ്. കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഡ്രെയിനിലെ ദുർഗന്ധം എളുപ്പത്തിൽ മാറും.
വാട്ടർ പ്രഷറിലെ കുറവ്
ചില സമയങ്ങളിൽ പൈപ്പിൽ നിന്നും വളരെ കുറച്ച് വെള്ളം മാത്രമേ പുറത്തേക്ക് വരാറുള്ളൂ. ഇങ്ങനെ ഉണ്ടാവാനുള്ള കാരണം ധാതുക്കൾ അടിഞ്ഞുകൂടുകയോ ലൈംസ്കെയിൽ അടിഞ്ഞുകൂടുന്നതുകൊണ്ടോ ആണ്. ഇങ്ങനെ സംഭവിക്കുമ്പോൾ ടേപ്പിന്റെ എയറേറ്റർ അഴിച്ച് മാറ്റി വിനാഗിരി ചേർത്ത വെള്ളത്തിലേക്ക് അര മണിക്കൂർ മുക്കിവയ്ക്കണം. ഇത് വെള്ളത്തിലെ സമ്മർദ്ധത്തെ സാധാരണ നിലയിലെത്തിക്കുന്നു.