ഇത്തവണ വിഷുവിന് സദ്യക്കൊപ്പം ഒരു വെറൈറ്റി പായസം ഉണ്ടാക്കിയാലോ?

866
Advertisement

ഇത്തവണ വിഷുവിന് സദ്യക്കൊപ്പം ഒരു വെറൈറ്റി പായസം ഉണ്ടാക്കിയാലോ? അടപ്രഥമനും, സേമിയയുമൊക്കെ കഴിച്ച് മടുത്തവരാണ് നമ്മൾ. അതിനാൽ ഈ വട്ടം കടല പായസം തയ്യാറാക്കാം.

ചേരുവകൾ

കടലപരിപ്പ് – 1 കപ്പ്
തേങ്ങ – 3 എണ്ണം
അണ്ടിപരിപ്പ് – 50 ഗ്രാം
ശർക്കര – ¾ കിലോ
ഉണക്കമുന്തിരി – 50 ഗ്രാം
നെയ്യ് – 50 ഗ്രാം
ഏലക്കായ് – 6 എണ്ണം
ഉണക്ക തേങ്ങ അരിഞ്ഞത് (ചെറുതായി) – ¼ കപ്പ്
ചൗവ്വരി – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് വെള്ളം ചേർത്ത് കടലപരിപ്പ് കുക്കറിൽ വേവിയ്ക്കുക. വെള്ളം 1 കപ്പ് ഒഴിച്ച് തിളപ്പിച്ച് ശർക്കര ചേർത്ത് പാനിയാക്കുക. തണുത്ത ശേഷം അഴുക്കു കളഞ്ഞ് അരിച്ചു വെയ്ക്കുക. വെന്ത പരിപ്പ് മിക്സിയിൽ ഇട്ട് തരിതരിയായി അരച്ചുവയ്ക്കുക. ചിരകിയ തേങ്ങയിൽ നിന്നും കട്ടി തേങ്ങാപാൽ 2 കപ്പ്, രണ്ടാം പാൽ 3 കപ്പ്, 5 കപ്പ് മൂന്നാം പാൽ എടുക്കുക. ഉരുളി അടുപ്പത്തു വെച്ച് ചൂടാക്കി ശർക്കര പാനി, അരച്ച കടലയ്ക്കൊപ്പം ഇളക്കി ഇളക്കി തിളപ്പിക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊണ്ടിരിക്കണം. ആദ്യം മൂന്നാം പാൽ കുറച്ചു കഴിഞ്ഞ് രണ്ടാം പാൽ ചേർക്കുക. പായസം ഒരു വിധം കുറുകിവരുമ്പോൾ വെള്ളത്തിൽ കുതിർത്ത് വെച്ച ചൗവ്വരി ചേർക്കുക (ഈ ചൗവ്വരി പായസത്തിൽ കിടന്ന് വെന്തുകിട്ടും). അവസാനം ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്തശേഷം തിളയ്ക്കരുത്. പായസം അടുപ്പത്തുനിന്നും വാങ്ങി വെച്ച് നെയ്യിൽ മൂപ്പിച്ച അണ്ടിപരിപ്പ്, അരിഞ്ഞ തേങ്ങ, ഉണക്കമുന്തിരി ഏലയ്ക്കാപൊടി ഇവ ചേർത്ത് ചൂടോടെ ഇലയിൽ വിളമ്പാവുന്നതാണ്.

Advertisement