തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യമായും സ്‌റ്റൈപ്പെൻഡോടെയുമുള്ള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരം. കേരള സർക്കാരിനുകീഴിലെ നോർക്ക റൂട്ട്സ്, ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
നിലവിൽ ജർമനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേക്കാണ് അവസരം. ജർമനിയിൽ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.
യോഗ്യത
ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ജർമൻ ഭാഷയിൽ B1, B2 ലെവൽ വിജയിച്ചിരിക്കണം (ഗോയ്‌ഥേ, ടെൽക്, OSD, TestDaf എന്നിവിടങ്ങളിൽ നിന്നും). 18-നും 27-നും (2026 മാർച്ച് ഒന്ന്) ഇടയിൽ പ്രായമുള്ള കേരളീയരാകണം. ആരോഗ്യമേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും.
അപേക്ഷ
www.norkaroots.kerala.gov.in | www.nifl.norkaroots.org എന്നീ വെബ് സൈറ്റുകൾ സന്ദർശിച്ച് മാർച്ച് ഏഴിനകം അപേക്ഷിക്കാം. ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽസാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് സ്െൈറ്റപ്പൻഡ് എന്നിവ ലഭിക്കും.
നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
വിവരങ്ങൾക്ക്: 0471- 2770577, 2770536, 2770540 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളിൽ) എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാം.





























