പഞ്ചാബ് നാഷണല്‍ ബാങ്കുകളിലെ 750 ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍ബിഒ) തസ്തികകളിലേക്കുള്ള അപേക്ഷാ തിയതി നീട്ടി.
2025 നവംബര്‍ 3-ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍, തീയതി നീട്ടിയതിനെത്തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് അവസാനിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 2025/ജനുവരി 2026-ലുമായാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്: 1180 രൂപ
എസ്സി/എസ്ടി/പിഎച്ച്: 59 രൂപ
ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
ഒഴിവുകളുടെ വിശദാംശങ്ങള്‍
ആകെ 750 ഒഴിവുകളാണ് പിഎന്‍ബി പ്രഖ്യാപിച്ചിട്ടുള്ളത്.
ജനറല്‍: 336
ഒബിസി: 194
ഇഡബ്ല്യുഎസ്: 67
എസ്സി: 104
എസ്ടി: 49
17 സംസ്ഥാനങ്ങളിലായി ഒഴിവുകള്‍ തിരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് മഹാരാഷ്ട്ര (135), ഗുജറാത്ത് (95), തെലങ്കാന (88), അസം (86), കര്‍ണാടക (85), തമിഴ്‌നാട് (85) എന്നിവിടങ്ങളിലാണ്.
ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.
യോഗ്യതാ മാനദണ്ഡങ്ങള്‍
അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ചുള്ള ദേശീയതാ വ്യവസ്ഥകള്‍ പാലിക്കണം.
പ്രായപരിധി
2025 ജൂലൈ 1-ന് 20-30 വയസ്സ് (പ്രായപരിധിയില്‍ ഇളവുകള്‍ ബാധകം).
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദത്തിന്റെ സാധുവായ രേഖ ഉണ്ടായിരിക്കണം.
പ്രാദേശിക ഭാഷ
സംസ്ഥാനത്തെ വിജ്ഞാപനം ചെയ്ത ഭാഷയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം നിര്‍ബന്ധമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്‌മെന്റ് നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ
റീസണിങ് & കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ഡാറ്റാ അനാലിസിസ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നസ് എന്നിവ ഉള്‍ക്കൊള്ളുന്നു. പരീക്ഷയ്ക്ക് 150 മാര്‍ക്കാണ് ഉള്ളത്, കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേക സമയവും നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും.
അപേക്ഷകളുടെയും രേഖകളുടെയും പരിശോധന
ഉദ്യോഗാര്‍ഥികളുടെ യോഗ്യത ഉറപ്പുവരുത്തുന്നതിനായി അപേക്ഷകളുടെയും രേഖകളുടെയും സൂക്ഷ്മപരിശോധന നടത്തും.
പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ (Local Language Proficiency Test)
10ാം ക്ലാസിലോ 12-ാം ക്ലാസിലോ പ്രാദേശിക ഭാഷ പഠിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് നിര്‍ബന്ധമാണ്.
അഭിമുഖം
50 മാര്‍ക്കിനാണ് അഭിമുഖം. യോഗ്യത നേടാന്‍ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് 25 മാര്‍ക്ക് (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 22.5) നേടണം.
എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എല്‍എല്‍പിടി ഒരു യോഗ്യതാ പരീക്ഷ മാത്രമാണ്, മറ്റ് ഘട്ടങ്ങളിലെ സ്‌കോര്‍ പരിഗണിക്കാതെ, ഇതില്‍ പരാജയപ്പെട്ടാല്‍ അയോഗ്യരാക്കപ്പെടും.
ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ JMGS-1(Junior Management Grade Scale-I) സ്‌കെയിലില്‍ നിയമിക്കും.
48480-2000/7-62480-2340/2-67160-2680/7-85920, കൂടാതെ ഡിഎ, HRA/ലീസ്ഡ് അക്കോമഡേഷന്‍, സിസിഎ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, എല്‍എഫ്സി, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ചുള്ള മറ്റ് അലവന്‍സുകള്‍ എന്നിവയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കുക.
വ്യക്തിപരവും അക്കാദമികവുമായ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ നിശ്ചിത വലുപ്പത്തിലും ഫോര്‍മാറ്റിലും അപ്ലോഡ് ചെയ്യുക.
സമര്‍പ്പിക്കുന്നതിന് മുമ്പ് ഫോം വിശദമായി പരിശോധിക്കുക.
അന്തിമമായി സമര്‍പ്പിച്ച ഫോം പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.
അപേക്ഷകര്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്നും, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഒമ്പത് വര്‍ഷം വരെ അല്ലെങ്കില്‍ സ്‌കെയില്‍ IV-ലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ ആ സംസ്ഥാനത്തിനുള്ളില്‍ നിയമിക്കുമെന്നും പിഎന്‍ബി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം താത്ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്.































