ബെംഗളൂരു: അന്താരാഷ്ട്ര തൊഴിൽമേള സംഘടിപ്പിക്കാൻ കർണാടക സർക്കാർ. നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികൾക്ക് വിദേശത്ത് ജോലി നേടിക്കൊടുക്കുന്നതിനായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ബെംഗളൂരുവിലാണ് ഈ മേള നടക്കുക.
ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിൽദാതാക്കൾ മേളയുടെ ഭാഗമായി ബെംഗളൂരുവിൽ എത്തും. അവിടെ വെച്ച് തന്നെ ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ ആരംഭിക്കുന്ന രീതിയിലാണ് തൊഴിൽമേളയുടെ ക്രമീകരണം. വിദേശത്തേക്ക് തൊഴിലാളികളെ അയക്കുന്ന കേരളത്തിന്റെ രീതി മാതൃകയാക്കിയാണ് ഈ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസന വകുപ്പ് അധികൃതർ അറിയിച്ചു.
നഴ്‌സുമാർ, കെയർടേക്കർമാർ, പ്ലംബർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ, മറ്റ് വിദഗ്ധ തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗക്കാർക്ക് ബെംഗളൂരുവിലെ തൊഴിൽമേള പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. വിദേശ ജോലി നേടാൻ ലക്ഷ്യമിടുന്നവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. ജർമനിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജർമൻ ഭാഷയിൽ പ്രത്യേക കോഴ്സും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.































