റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ അയക്കാനുള്ള അവസാന തീയതി നീട്ടി. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന തീയതി ഡിസംബര്‍ 12 വരെയാണ്. ഇത് കാരണം അപേക്ഷകര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. അപേക്ഷ അയക്കാന്‍ സമയം നീട്ടിയത് കൂടാതെ ഒഴിവുകളിലും എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2,569 ഒഴിവുകള്‍ 2,588 ആയി വര്‍ധിച്ചു.
ആര്‍ആര്‍ബി ജമ്മു-ശ്രീനഗറിന് കീഴിലുള്ള കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും (ആര്‍സിഎഫ്), ആര്‍ആര്‍ബി ചെന്നൈക്ക് കീഴിലുള്ള ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലുമാണ് (ഐസിഎഫ്) പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. തിരഞ്ഞെടുത്ത ആര്‍ആര്‍ബി, തസ്തികകള്‍, സോണല്‍ റെയില്‍വേകള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് നല്‍കിയ മുന്‍ഗണനയിലാണ് മാറ്റം വരുത്താന്‍ സാധിക്കുക.
2025 ഡിസംബര്‍ 13 മുതല്‍ 22 വരെ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം വീണ്ടും ലഭ്യമാകും, ഈ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതാണ്. എന്നാല്‍ ഈ കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങളിലോ തിരഞ്ഞെടുത്ത ആര്‍ആര്‍ബിയിലോ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.
പരീക്ഷയ്ക്ക് സഹായിയെ ആവശ്യമുള്ള പിഡബ്ല്യുബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ 2025 ഡിസംബര്‍ 23-നും 27-നും ഇടയില്‍ അതത് ആര്‍ആര്‍ബി പോര്‍ട്ടല്‍ വഴി സഹായിയുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നിയമനവുമായി ബന്ധപ്പെട്ട് മറ്റ് വ്യവസ്ഥകള്‍ മുന്‍പ് ഇറക്കിയ വിജ്ഞാപനത്തിലുള്ളത് പോലെ ആയിരിക്കുമെന്ന് ആര്‍ആര്‍ബി വ്യക്തമാക്കിയിട്ടുണ്ട്.































