ദക്ഷിണ- പൂര്‍വ്വ (South Eastern) റെയില്‍വേയില്‍ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1785 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcser.co.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
നവംബര്‍ 18-ന് ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ പ്രക്രിയ ഡിസംബര്‍ 17- ന് അവസാനിക്കും. ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍ അഥവാ പത്താം ക്ലാസ്/പ്ലസ് ടു തത്തുല്ല്യം, അപ്രന്റിസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ട്രേഡില്‍ ഐടിഐ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
2026 ജനുവരി ഒന്നിന് 15- നും 24-നും വയസ്സിനിടയ്ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ആണ് വയസ്സിന്റെ മാനദണ്ഡമായി കണക്കാക്കുക. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് പോലെ ആയിരിക്കണം അപേക്ഷയിലെ വിവരങ്ങളും. അപേക്ഷയുടെ കൂടെ ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പി കൂടി ഉള്‍പ്പെടുത്തണം.
തിരഞ്ഞെടുപ്പ് പ്രക്രിയ
വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തി ട്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. മെട്രിക്കുലേഷന് ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാണ് മെറിറ്റ് ലിസ്റ്റ്. മെട്രിക്കുലേഷന്‍ പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചാണ് ശതമാനം കണക്കാക്കുക. അല്ലാതെ പ്രത്യേകം വിഷയങ്ങളുടെ മാര്‍ക്ക് മാത്രമായി പരിഗണിക്കില്ല. ഇങ്ങനെ തിരഞ്ഞെടുക്കുന്ന രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുപോലെ മാര്‍ക്കുകള്‍ വന്നാല്‍ പ്രായം പരിഗണിച്ചാണ് തിരഞ്ഞെടുക്കുക.
ഇതിന് ശേഷം തയ്യാറാക്കുന്ന ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ രേഖകളുടെ പരിശോധനയ്ക്കായി വിളിക്കും. അതിനുശേഷമാണ് അന്തിമമായ ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷാ ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിത എന്നീ വിഭാഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ്/ യുപിഐ/ഇ- വാലറ്റുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.































