കരസേനയിൽ ടെക്നിക്കൽ എൻട്രി സ്കീമിൽ (ടിഇഎസ്) സ്ഥിരം കമീഷൻ തസ്തികയിൽ നിയമനത്തിനുള്ള കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. ആകെ 90 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
യോഗ്യത
10+2 പാറ്റേർണിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ 12–ാംക്ലാസ് പാസായിരിക്കണം. മൂന്ന് വിഷയത്തിലുംകൂടി ആകെ 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. രണ്ടാംവർഷ പരീക്ഷയുടെ മാർക്കാണ് പരിഗണിക്കുന്നത്. കൂടാതെ 2025 ജെഇഇ മെയിൻ പരീക്ഷയുടെ പേപ്പർ 1 (ബിഇ / ബിടെക്) സ്കോർ നേടിയിരിക്കണം. 2026 ജൂലൈ ഒന്നിന് പതിനാറരവയസ്സിൽ കുറയാനോ പത്തൊമ്പതരവയസ്സിൽ കൂടാനോ പാടുള്ളതല്ല. മെഡിക്കൽ ബോർഡ് നിശ്ചയിക്കുന്ന ശാരീരികയോഗ്യത വേണം.
പരിശീലനം
തെരഞ്ഞെടുക്കുന്നവർക്ക് പ്രീ കമീഷൻഡ് ട്രെയിനിങ് അക്കാദമികളിൽ (പിസിടിഎ) നാലുവർഷം പരിശീലനം ലഭിക്കും. ആദ്യത്തെ മൂന്നുവർഷം പുണെയിലോ സെക്കന്ദരാബാദിലോ ഉള്ള പരിശീലനകേന്ദ്രത്തിലും അവസാന ഒരുവർഷം ഡെറാഡൂണിലുള്ള പരിശീലനകേന്ദ്രത്തിലുമാണ് പരിശീലനം.
ബിരുദം
നാലുവർഷം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് എൻജിനിയറിങ് ബിരുദം അവാർഡ് ചെയ്യും. സിവിൽ ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് (പുണെ), ടെലികോം ആൻഡ് ഐടി എൻജിനിയറിങ് (മോവ്), ഇലക്ട്രിക് ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് (സെക്കന്ദരാബാദ്) എന്നീ വിഭാഗങ്ങളിലാണ് ബിരുദം നൽകുന്നത്. മൂന്നുവർഷം പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാസം 56,100 രൂപ സ്റ്റൈപെൻഡ് ലഭിക്കും.
നിയമനം
പരിശീലനം പൂർത്തിയാക്കുമ്പോൾ ലഫ്റ്റനന്റ് റാങ്കിൽ കമീഷൻ ലഭിക്കും. കോർ ഓഫ് എൻജിനിയറിങ്, കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് സാധാരണയായി നിയമനം ലഭിക്കുന്നത്.
ഓൺലൈനായി നവംബർ 13ന് 12 മണിവരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയിൽ 12–ാംക്ലാസ് പരീക്ഷയ്ക്ക് (രണ്ടാംവർഷം) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ആകെ ലഭിച്ച മാർക്ക് രണ്ട് ദശാംശ സ്ഥാനങ്ങളിൽ (ക്രമപ്പെടുത്താതെ) ശതമാനക്കണക്കിൽ രേഖപ്പെടുത്തണം. കൂടാതെ ജെഇഇ മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) അപേക്ഷാ നമ്പർകൂടി നൽകിയിരിക്കണം.
തെരഞ്ഞെടുപ്പുരീതി
2025 ജെഇഇ മെയിൻ പേപ്പർ 1 പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇത് നവംബറിൽ പ്രതീക്ഷിക്കാം. ലിസ്റ്റ് ചെയ്യപ്പെടുന്നവർ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സർവീസ് സെലക്‌ഷൻ ബോർഡിന്റെ (എസ്എസ്ബി) ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ രണ്ടുഘട്ടമായാണ് നടക്കുക. പ്രയാഗ് രാജ് (ഉത്തർപ്രദേശ്), ഭോപാൽ (മധ്യപ്രദേശ്), ബംഗളൂരു (കർണാടകം), ജലന്ധർ (പഞ്ചാബ്) എന്നിവിടങ്ങളിൽ ഏതെങ്കിലും കേന്ദ്രത്തിൽ സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ, ഇന്റർവ്യൂവിങ് ഓഫീസർ എന്നിവർ ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പുപ്രക്രിയയിൽ പങ്കെടുക്കണം. മെഡിക്കൽ പരിശോധന ഉണ്ടാകും. എസ്എസ്ബി ഇന്റർവ്യൂ ഫെബ്രുവരി / മാർച്ച് മാസങ്ങളിൽ നടക്കാനാണ് സാധ്യത. വിവരങ്ങൾക്ക്: www.joinindianarmy. nic.in
































