എയിംസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി നവംബര്‍ 14

Advertisement

അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലായി ആകെ 63 ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനുള്ള വിജ്ഞാപനമാണ് വന്നത്. അനസ്‌തേഷ്യോളജി, അനസ്‌തേഷ്യ, എമര്‍ജന്‍സി മെഡിസിന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ന്യൂറോ സര്‍ജറി, ന്യൂക്ലിയര്‍ മെഡിസിന്‍, പാത്തോളജി, റേഡിയോളജി തുടങ്ങിയ വകുപ്പുകളിലേക്കാണ് നിയമനം.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ലെവല്‍ 12 അനുസരിച്ച് 1,01,500 രൂപ മുതല്‍ 1,67,400 രൂപ വരെ ശമ്പളം ലഭിക്കും. കോളേജ് ഓഫ് നഴ്‌സിംഗിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് എന്‍ട്രി ലെവല്‍ പേ മാട്രിക്‌സ് 11 അനുസരിച്ച് 67,700 രൂപ മുതല്‍ 2,08,700 രൂപ വരെയാണ് ശമ്പളം. നവംബര്‍ പതിനാല് വരെ അപേക്ഷ സമര്‍പ്പിക്കാം.

തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നവര്‍ 50 വയസ്സ് കവിയാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്‌. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പ്രായം, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.

ഏതെങ്കിലും തസ്തികയിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ശേഷം യോഗ്യരായ അപേക്ഷകരുടെ എണ്ണം പത്തില്‍ കൂടുതലാണെങ്കില്‍, മറ്റ് മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അപേക്ഷകളുടെ തുടര്‍പരിശോധന നടത്തും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തണം.

Advertisement