UCO ബാങ്ക് അപ്രന്റീസ് റിക്രൂട്ട്മെന്റ് 2025: അഞ്ഞൂറിലധികം ഒഴിവുകള്‍, 15,000 രൂപ സ്റ്റൈപന്റ്‌; അവസാന തീയതി ഒക്ടോബര്‍ 30

Advertisement

ബാങ്കിംഗ് മേഖലയില്‍ തൊഴില്‍ പരിചയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി UCO ബാങ്ക് അപ്രന്റീസ് റിക്രൂട്ട്മെന്റ് 2025 പ്രഖ്യാപിച്ചു. 1961-ലെ അപ്രന്റീസ് നിയമപ്രകാരമുള്ള ഈ റിക്രൂട്ട്മെന്റിലൂടെ 532 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പ്രായോഗിക പരിശീലനം നല്‍കി കൂടുതല്‍ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇതല്ലെങ്കില്‍ BFSI SSC പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം. ഒരു സംസ്ഥാനത്തുള്ള ഒഴിവുകളിലേക്ക് മാത്രമാണ് ഒരു ഉദ്യോഗാര്‍ഥിക്ക് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷ അയക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്‌കീമില്‍(NATS) രജിസ്റ്റര്‍ ചെയ്തിരിക്കണം.

പ്രധാന തീയതികള്‍

അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ഒക്ടോബര്‍ 30

ഓണ്‍ലൈന്‍ പരീക്ഷാ തീയതി: 2025 നവംബര്‍ 10

തിരഞ്ഞെടുക്കുന്ന വിധം

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രാവീണ്യം പരിശോധിക്കുന്ന രീതിയിലുള്ള പരീക്ഷ ഉണ്ടായിരിക്കും. ഒബ്ജക്ടീവ് ടൈപ്പിലാണ് പരീക്ഷ നടത്തുക. നൂറ് മാര്‍ക്കിനുള്ള നൂറ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഇരുപത്തിയഞ്ച് മാര്‍ക്ക് വീതം ജനറല്‍/ ഫിനാന്‍സ് അവേര്‍നെസ്, ഇംഗ്ലീഷ്, റീസണിങ് എബിലിറ്റി ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയാണ് പരീക്ഷയിലുണ്ടാകുക. തെറ്റായ ഒരോ ഉത്തരത്തിനും 0.25 നെഗറ്റീവ് മാര്‍ക്കുണ്ട് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അടുത്ത ഘട്ടത്തിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുക.

എല്ലാ സംസ്ഥാനങ്ങളിലും കൂടി 532 ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ പത്ത് ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് പശ്ചിമ ബംഗാളിലാണ്. എണ്‍പ്പത്തിയാറെണ്ണം. മാസം 15,000 രൂപയാണ് സ്റ്റൈപന്റായി ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അവിടത്തെ പ്രാദേശിക ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതും പരിശോധിക്കുന്നതായിരിക്കും.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം:

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ucobank.com സന്ദര്‍ശിക്കുക.
ഹോംപേജിലെ കരിയര്‍ എന്ന സെക്ഷന്‍ സന്ദര്‍ശിക്കുക.
Job Opportunities-ല്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.
തുടര്‍ന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
ഫീസ് അടച്ചതിന് ശേഷം അപേക്ഷ സമര്‍പ്പിക്കുക.( പിഡബ്ല്യുബിഡി- 472/-, സ്ത്രീകള്‍/എസ്‌സി/എസ്ടി- 708/-, ജനറല്‍/ഓബിസി/ഇഡബ്ല്യുഎസ്- 944/-)
ഭാവി ഉപയോഗത്തിനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisement