ഇന്ത്യൻ ആർമിയിൽ സ്ഥിരം കമ്മിഷൻ നിയമനത്തിനുള്ള കോഴ്‌സിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ മികവുവേണം. 2026 ജൂലായിൽ തുടങ്ങുന്ന 10+2 ടെക്‌നിക്കൽ എൻട്രി സ്‌കീം (ടിഇഎസ്) കോഴ്‌സിലേക്കാണ് പ്രവേശനം.
യോഗ്യത
2026 ജൂലായ് ഒന്നിന് പതിനാറര വയസ്സിൽ താഴെയോ പത്തൊൻപതര വയസ്സിൽ കടുതലോ ആകരുത്. പ്ലസ് ടു/തത്തുല്യ കോഴ്‌സ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. രണ്ടാംവർഷ മാർക്കാണ് പരിഗണിക്കുക.
അപേക്ഷിക്കുമ്പോൾ യഥാർഥ മാർക്ക് രണ്ടു ദശാംശ സ്ഥാനങ്ങളിൽ (ക്രമപ്പെടുത്താതെ) രേഖപ്പെടുത്തണം. 2025-ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) സ്‌കോർ വേണം. മെഡിക്കൽ പരിശോധനയിൽ വിജയിക്കുകയും നിശ്ചിത ഫിസിക്കൽ സ്റ്റാൻഡേഡ്‌സ് തൃപ്തിപ്പെടുത്തുകയും വേണം. 90 ഒഴിവുകൾ ഉണ്ട്.
പരിശീലനം
പ്രീ കമ്മിഷൻഡ് ട്രെയിനിങ് അക്കാദമികളിൽ (പിസിടിഎ) നാലുവർഷ പരിശീലനം ഉണ്ടാകും.
സ്റ്റൈപ്പെൻഡ്
മൂന്നു വർഷ പരിശീലനം കഴിയുമ്പോൾ കെഡേറ്റുകൾക്ക് പ്രതിമാസം 56,100 രൂപ നിരക്കിൽ സ്റ്റൈപ്പൈൻഡ് നൽകും.
നിയമനം, ബിരുദം, ശമ്പളം
പരിശീലനം പൂർത്തിയാക്കുമ്പോൾ ലഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. കൂടാതെ എൻജിനിയറിങ് ബിരുദവും കിട്ടും.
ഭൂരിപക്ഷം ഓഫീസർമാരുടെയും നിയമനം കോർ ഓഫ് എൻജിനിയേഴ്‌സ്, കോർ ഓഫ് സിഗ്‌നൽസ്, കോർ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്‌സ് എന്നിവയിലായിരിക്കും. പ്രതിവർഷ ശമ്പളം (സിടിസി) 17 മുതൽ 18 ലക്ഷം രൂപ വരെയായിരിക്കും. മറ്റാനുകൂല്യങ്ങളും ഉണ്ടാകും. വ്യക്തിപരമായ കാരണങ്ങളാൽ പരിശീലനത്തിൽനിന്ന് പിൻവാങ്ങുന്നവരിൽനിന്ന് പരിശീലനച്ചെലവ് ഈടാക്കും.
അപേക്ഷ
joinindianarmy.nic.in വഴി നവംബർ 13-ന് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം ഇതേ സൈറ്റിൽ. അപേക്ഷിക്കുമ്പോൾ 2025-ലെ ജെഇഇ മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) അപേക്ഷാ നമ്പർ നിർബന്ധമായും നൽകണം.
തിരഞ്ഞെടുപ്പ്
ജെഇഇ മെയിൻ 2025 പേപ്പർ 1 കോമൺ റാങ്ക് പട്ടിക പരിഗണിച്ച് കട്ട് ഓഫ് നിശ്ചയിച്ച് മിനിസ്ട്രി ഓഫ് ഡിഫൻസ് (ആർമി) ഇന്റഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്‌സ് അപേക്ഷകരെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഷോർട് ലിസ്റ്റ് ചെയ്യും.
നവംബറിൽ ഇതു സംബന്ധിച്ച അറിയിപ്പ് പ്രതീക്ഷിക്കാം. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഞ്ച് ദിവസത്തെ രണ്ടു ഘട്ട സർവീസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) ഇന്റർവ്യൂ ഉണ്ടാകും. പ്രയാഗ് രാജ് (യുപി), ഭോപാൽ (മധ്യപ്രദേശ്), ബെംഗളൂരു (കർണാടക), ജലന്ധർ (പഞ്ചാബ്) എന്നീ കേന്ദ്രങ്ങളിലൊന്നിൽവെച്ച് ഫെബ്രുവരി/മാർച്ച് മാസങ്ങളിലാകും ഇത്. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രച്ചെലവ് നൽകും.
രണ്ടാംഘട്ടത്തിൽ യോഗ്യതനേടുന്നവർക്ക് മെഡിക്കൽ പരിശോധനയുണ്ട്. ഇവയെല്ലാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെറിറ്റ്, ഒഴിവുകൾ എന്നിവ പരിഗണിച്ച് നിയമന ഉത്തരവ് നൽകും. ടിഇഎസ് എൻട്രിക്കും എൻഡിഎ എൻട്രിക്കും അപേക്ഷിച്ചവർക്കു ബാധകമായ മെഡിക്കൽ പരിശോധനാ വ്യവസ്ഥകൾ, സേവനവ്യവസ്ഥകൾ എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

































Ecnomically back ward my son need Army officer
Please