ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകളിൽ നിയമനത്തിനുള്ള ഡൽഹി പൊലീസ് എക്‌സാമിനേഷന് സ്‌റ്റാഫ് സെലക്ഷൻ കമീഷൻ വിജ്ഞാപനം. വിവിധ വിഭാഗങ്ങളിലായി 7565 ഒഴിവുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അപേക്ഷിക്കാം. എന്നാൽ ബെഞ്ച്മാർക്ക് വൈകല്യമുള്ളവർക്ക് (പിഡബ്ല്യുബിഡി) അപേക്ഷിക്കാനാകില്ല.
തസ്തികയും ഒഴിവുകളും: കോൺസ്റ്റബിൾ (എക്സി.)- പുരുഷൻ 4,408, കോൺസ്റ്റബിൾ (എക്സി.)- പുരുഷൻ (മുൻ സൈനികർ (മറ്റുള്ളവർ)] 285, കോൺസ്റ്റബിൾ (എക്സി.)-പുരുഷൻ [മുൻ സൈനികർ (കമാൻഡോ)] 376, കോൺസ്റ്റബിൾ (എക്സി.)-സ്ത്രീ 2496. യോഗ്യത (21-10–2025 വരെ): അംഗീകൃത ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) ജയം.
ഡൽഹി പൊലീസിൽ സേവനമനുഷ്ഠിക്കുന്ന, വിരമിച്ച അല്ലെങ്കിൽ മരിച്ച ആൺമക്കൾ/പെൺമക്കൾ, ഡൽഹി പൊലീസിലെ പേഴ്‌സണൽ/ മൾട്ടി-ടാസ്കിങ് സ്റ്റാഫ്, ഡൽഹി പോലീസിലെ ബാൻഡ്‌സ്മാൻമാർ, ബഗ്ലർമാർ, മൗണ്ട് കോൺസ്റ്റബിൾമാർ, ഡ്രൈവർമാർ, ഡിസ്‌പാച്ച് റൈഡർമാർ തുടങ്ങിയവർക്ക് 11-ാം ക്ലാസ് ജയത്തോടെ യോഗ്യതയിൽ ഇളവ് ലഭിക്കും. പുരുഷൻമാർക്ക് പിഇ ആൻഡ് എംടി തീയതിയിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV–മോട്ടോർസൈക്കിൾ അല്ലെങ്കിൽ കാർ) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ലേണർ ലൈസൻസ് സ്വീകാര്യമല്ല.
പ്രായപരിധി: 01-07–2025 ന് 18-25 വയസ്. അപേക്ഷകർ 02-07–2000ന് മുമ്പോ 01–07–2007ന് ശേഷമോ ജനിച്ചവരാകരുത്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി, എസ്‌ടി, വിമുക്തഭടൻ (ഇഎസ്‌എം), വനിതകൾ എന്നിവർക്ക് ഫീസ് വേണ്ട. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിഇ), ഫിസിക്കൽ എൻഡ്യൂറൻസ് ആൻഡ് മെഷർമെന്റ് ടെസ്‌റ്റ് (പിഇ &എംടി) , മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കമ്മീഷന്റെ വെബ്‌സൈറ്റിൽ (https://ssc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കിവേണം അപേക്ഷിക്കാൻ. സിബിടിക്ക് കർണാടക, കേരളം (കെകെആർ)/ലക്ഷദ്വീപ് എന്നിവയുൾപ്പെടുന്ന റീജണിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. 2025 ഡിസംബർ/2026 ജനുവരിയിലായിരിക്കും സിബിടി. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
































