ട്രെയിനി എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്(ബിഇഎല്‍). താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. 610 ഒഴിവുകളിലേക്കാണ് എഞ്ചിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bel-india.in വഴി അപേക്ഷിക്കാം. ആകെ തസ്തികകളില്‍ 488 എണ്ണം കമ്പനിയുടെ ബെംഗളൂരു കോംപ്ലക്‌സിലേക്കും(TEBG) ബാക്കി 122 എണ്ണം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കുമാണ്. രജിസ്‌ട്രേഷന്‍ 2025 ഒക്ടോബര്‍ 7-ന് അവസാനിക്കും.
യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷാ ഫീസ്
ഉദ്യോഗാര്‍ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാല/സ്ഥാപനം/കോളേജില്‍നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്/ബി.എസ്.എസി (4 വര്‍ഷത്തെ കോഴ്സ്) എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. പ്രായം 28 വയസ്സില്‍ അധികമാകരുത്.
ഉദ്യോഗാര്‍ഥിയുടെ അപേക്ഷയും യോഗ്യതാ മാനദണ്ഡങ്ങളും എഴുത്തുപരീക്ഷയ്ക്കുള്ള യോഗ്യതയ്ക്കായി പരിഗണിക്കും. എഴുത്തുപരീക്ഷ, കാറ്റഗറി-വിഷയാടിസ്ഥാനത്തിലുള്ള മെറിറ്റ് എന്നിവയും തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥിയുടെ യോഗ്യതയ്ക്കായി പരിഗണിക്കും.
പരീക്ഷ 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും. ടെക്‌നിക്കല്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് വിഭാഗങ്ങളില്‍ നിന്നായി 85 ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക്. തെറ്റായ ഉത്തരങ്ങള്‍ക്ക് 0.25 മാര്‍ക്ക് കുറയും.
സംവരണമില്ലാത്ത വിഭാഗം (യുആര്‍), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്ക് 177 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി (എസ്സി), പട്ടികവര്‍ഗം(എസ്ടി), ഭിന്നശേഷിയുള്ളവര്‍ (പിഡബ്ല്യുബിഡി) എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രെയ്‌നി എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
2025 ഒക്ടോബര്‍ 25, 26 തീയതികളിലായാണ് പരീക്ഷകള്‍ നടക്കുക.
































