പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെൻഡ്; ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ച്‌ ഐസിഎസ്എസ്ആർ

Advertisement

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) [ജെഎൻയു ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, അരുണ അസഫ് അലി മാർഗ്, ന്യൂഡൽഹി-110067], 2025-26 ലെ ഫുൾ ടൈം ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഇരുപത് സീനിയർ ഇന്റേൺഷിപ്പുകളും മൂന്നുമാസത്തെ ഇരുപത് ജൂനിയർ ഇന്റേൺഷിപ്പുകളുമാണുള്ളത്.

യോഗ്യത

പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കുന്ന സീനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക്, അംഗീകൃത സർവകലാശാലയിൽനിന്നോ/സ്ഥാപനത്തിൽനിന്നോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയുടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം വേണം.

പ്രതിമാസം 15,000 രൂപ സ്റ്റൈ​െപ്പൻഡ് ലഭിക്കുന്ന ജൂനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക് (i) അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി സ്ട്രീമുകൾ എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയുള്ള ബാച്ച്‌ലർ ബിരുദം (ബിഎ/ബിഎസ്‌സി/ബികോം) ഉണ്ടായിരിക്കണം (ii) ബിരുദം നേടിയത് 2024-ലോ അതിനുശേഷമോ ആയിരിക്കണം (iii) അപേക്ഷിക്കുന്ന തീയതിയിൽ ഏതെങ്കിലും മുഴുവൻസമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ചേർന്നിരിക്കുകയോ പഠിക്കുകയോ ആയിരിക്കരുത്.

പ്രതീക്ഷിക്കുന്ന നൈപുണികൾ

(i) സോഷ്യൽ സയൻസ് ഗവേഷണത്തിൽ ഉപയോഗിക്കുന്ന ഗവേഷണ രീതിശാസ്ത്രത്തെയും സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളെക്കുറിച്ചുമുള്ള നല്ല ധാരണ (ii) േഡറ്റാ വിശകലനത്തിൽ പ്രാവീണ്യം (iii) ശക്തമായ ആശയവിനിമയ വൈദഗ്ധ്യം (iv) എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളുടെ (വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയവ) പ്രവർത്തനപരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.

കൂടാതെ, ശക്തമായ ഓർഗനൈസേഷണൽ കഴിവുകൾ വേണം. ന്യൂഡൽഹിയിലെ ഐസിഎസ്എസ്ആർ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ.

അരമണിക്കൂർ ഉച്ചഭക്ഷണ ഇടവേള ഉൾപ്പെടെ തിങ്കൾമുതൽ വെള്ളിവരെ ദിവസേന രാവിലെ 9.30 മുതൽ വൈകുന്നേരം ആറുവരെ ആഴ്ചയിൽ മൊത്തം 40 മണിക്കൂർ ഓഫ് ലൈൻ രീതിയിൽ ജോലിചെയ്യണം.

അപേക്ഷ

അപേക്ഷ app.icssr.org വഴി ഓഗസ്റ്റ് 18 വരെ നൽകാം (Apply for vacancy > login > Apply now against full time internship programme 2025-26 ലിങ്കുകൾ വഴി. വിവരങ്ങൾക്ക്‌: icssr.org സന്ദർശിക്കുക

Advertisement