അബുദാബി: യുഎഇയിലെ വ്യോമയാന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ. ഈ വർഷം 2500 പേരെക്കൂടി റിക്രൂട്ട് ചെയ്യുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അധികൃതർ അറിയിച്ചു. അടുത്ത അഞ്ചുവർഷത്തിനകം പ്രതിവർഷം 350 പൈലറ്റുമാർ, 1500 ഫ്ളൈറ്റ് അറ്റൻഡന്റുമാർ എന്ന രീതിയിലായിരിക്കും നിയമനം. ഏകദേശം 17,000 മുതൽ 18,000 പേർക്ക് ഇത്തരത്തിൽ നിയമനംനൽകും.
കഴിഞ്ഞവർഷം 2000-ത്തിലേറെ പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. 1500-ലേറെ പേർക്ക് സ്ഥാനക്കയറ്റവും നൽകി. പ്രധാനമായും പൈലറ്റുമാർക്കും കാബിൻ ക്രൂവിനുമാണ് സ്ഥാനക്കയറ്റം നൽകിയത്. കൂടാതെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 12,000 ജീവനക്കാർക്ക് നിയമനം നൽകി. ഈ വർഷം ഇത്തിഹാദ് എയർലൈൻ 22 പുതിയ വിമാനങ്ങളിറക്കും. സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനം നിർത്തിവെക്കാൻ തയ്യാറെടുക്കുന്ന ഹംഗേറിയൻ അൾട്രാ ലോ കോസ്റ്റ് വിമാനക്കമ്പനിയായ വിസ് എയർ അബുദാബിയിലെ ജീവനക്കാർക്ക് തൊഴിൽനൽകാനും പദ്ധതിയിടുന്നുണ്ട്. ആഗോളതലത്തിലായിരിക്കും നിയമനം നടത്തുക.
ഇതിന്റെ ചുവടുപിടിച്ച് കൂടുതൽ എയർലൈനുകൾ വിസ് എയർ ജീവനക്കാർക്ക് തൊഴിൽനൽകിയേക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
പ്രവർത്തനം നിർത്തിവെച്ചതോടെ ഏകദേശം 450 വിസ് എയർ ജീവനക്കാർ തൊഴിൽ അനിശ്ചിതത്വം നേരിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻമേഖലയിൽ കൂടുതൽശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായാണ് വിസ് എയർ അബുദാബി സർവീസുകൾ നിർത്തിവെക്കുന്നത്. 2020 മുതൽ അബുദാബി സായിദ് വിമാനത്താവളത്തിൽനിന്നുമാണ് വിസ് എയർ സർവീസ് തുടങ്ങിയത്. ഈ മേഖലയിലെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കാലാവസ്ഥാപരമായ എൻജിൻ പ്രശ്നങ്ങൾ, മിഡിലീസ്റ്റിൽ സംഘർഷം തുടങ്ങിയവകൂടി ചൂണ്ടിക്കാട്ടിയാണ് സർവീസ് നിർത്തുന്നത്. അബുദാബിയിൽനിന്നും 20 രാജ്യങ്ങളിലേക്കായിരുന്നു അവരുടെ പ്രധാന സർവീസുകൾ.
അതേസമയം കോവിഡിന് ശേഷം യുഎഇയുടെ വ്യോമയാന മേഖലയിൽ അതിവേഗവളർച്ചയാണ് കണ്ടുവരുന്നത്. അടുത്ത ആറ്ുവർഷത്തിനകം ദുബായ് വ്യോമയാനമേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. എമിറേറ്റ്‌സ് ഗ്രൂപ്പ് കഴിഞ്ഞയാഴ്ച 17,300 ഒഴിവുകൾ പ്രഖ്യാപിച്ചിരുന്നു. 2030- ഓടെ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്സും വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം വ്യോമയാനമേഖലയിൽ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയർത്തും. ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് നടത്തിയ ദുബായ്‌യുടെ സമ്പദ് വ്യവസ്ഥയിൽ വ്യോമയാനമേഖലയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യമുള്ളത്.
തുറക്കാനിരിക്കുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പൂർണ പ്രവർത്തനശേഷിയിൽ എത്തുമ്പോൾ ലോകത്തിലെ ഏറ്റവുംവലിയ വിമാനത്താവളമാകും. കൂടുതൽ പുതിയ തൊഴിലവസരങ്ങളുണ്ടാകും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ദുബായ്‌യുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 2030-ൽ 610 കോടി ദിർഹം സംഭാവനചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
































