സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ട്രസ്റ്റില്‍ റിക്രൂട്ട്‌മെന്റ്; അറ്റന്‍ഡന്റ്, കൗണ്‍സിലര്‍ ഒഴിവുകള്‍

Advertisement

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക ഉത്ഥാന്‍ ഏവം പ്രശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന ട്രസ്റ്റില്‍, അറ്റന്‍ഡന്റ്, കൗണ്‍സിലര്‍ എഫ്എല്‍സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്കും ബിരുദധാരികള്‍ക്കും ഈ റിക്രൂട്ട്‌മെന്റ് മികച്ച അവസരമാണ് നല്‍കുന്നത്. അപേക്ഷാ ഫീസ് ഇല്ല, 2025 ഓഗസ്റ്റ് 8 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഒഴിവുകള്‍

കൗണ്‍സിലര്‍ എഫ്എല്‍സി

കൗണ്‍സിലര്‍ എഫ്എല്‍സി തസ്തികയിലേക്ക് 45-നും 65-നും ഇടയില്‍ പ്രായമുള്ള, ആരോഗ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം, എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ്, പ്രാദേശിക ഭാഷയില്‍ ടൈപ്പിങ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മികച്ച ആശയവിനിമയ ശേഷിയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് അവസാനമായി വാങ്ങിയ ശമ്പളത്തെ അടിസ്ഥാനമാക്കി 25,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കൂടാതെ, മൊബൈല്‍, യാത്രാ ചെലവുകള്‍ക്കായി 1,000 രൂപ അധികമായി ലഭിക്കും.

അറ്റന്‍ഡന്റ്

ഉദ്യോഗാര്‍ത്ഥികള്‍ 22-നും 40-നും ഇടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസായവരുമായിരിക്കണം. ഈ തസ്തികയുടെ നിശ്ചിത പ്രതിമാസ ശമ്പളം 8,000 രൂപയാണ്. അധിക അലവന്‍സുകളോ ആനുകൂല്യങ്ങളോ നല്‍കുന്നതല്ല. രണ്ട് തസ്തികകളും കരാര്‍ അടിസ്ഥാനത്തിലാണ്, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 15 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും, ഇത് പ്രതിമാസം പരമാവധി 2 ദിവസമായിരിക്കും.

അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ (അനുബന്ധം-എ) ഓഫ്ലൈനായി സമര്‍പ്പിക്കണം. കവറിന് മുകളില്‍ ‘Application for the post of Attendant RSETI/Counselor of FLC on contract basis’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

വിലാസം: അഗ്രികള്‍ച്ചര്‍ & സോഷ്യല്‍ ബാങ്കിങ് ഡിപ്പാര്‍ട്ട്മെന്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണല്‍ ഓഫീസ് സിലിഗുരി, ആശ്രമംപാറ, നിയര്‍ പാനിറ്റങ്കി മോര്‍, സിലിഗുരി, പശ്ചിമ ബംഗാള്‍-734001. അപേക്ഷകര്‍ക്ക് അവരുടെ ഫോമുകള്‍ നേരിട്ട് നിക്ഷേപിക്കുന്നതിനായി സിലിഗുരി ഓഫീസില്‍ ഒരു ലെറ്റര്‍ ബോക്‌സും സ്ഥാപിക്കും.

ഔദ്യോഗിക വിജ്ഞാപനം

ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അപൂര്‍ണ്ണമോ വൈകിയുള്ളതോ ആയ അപേക്ഷകള്‍ സ്വീകരിക്കില്ല

Advertisement