കാനറ ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ 2025 ജൂലൈ 15-ന് ആരംഭിച്ച് 2025 ജൂലായ് 31 വരെ തുടരും. താത്പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.canmoney.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ
ഒഴിവുകളിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ), കമ്പനി സെക്രട്ടറി ആൻഡ് കംപ്ലയിൻസ് ഓഫീസർ, ഇൻസ്റ്റിറ്റിയൂഷണൽ ഡീലർ, ജൂനിയർ ഓഫീസർ (കരാർ അടിസ്ഥാനത്തിൽ), മാർക്കറ്റിങ് ഓഫീസർ, ഡിപിആർഎം ട്രെയിനി തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്നു.
യോഗ്യതകൾ
തസ്തിക അനുസരിച്ച്, ഏതെങ്കിലും ബിരുദം, എൽഎൽബി, ഐസിഡബ്ല്യുഎ, എൽഎൽഎം, എംബിഎ/പിജിഡിഎം, അല്ലെങ്കിൽ ഐസിഎഐ അംഗത്വം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന്, സിഎഫ്ഒ തസ്തികയിലേക്ക് സിഎ, ഐസിഡബ്ല്യുഎ, അല്ലെങ്കിൽ എംബിഎ (ഫിനാൻസ്) യോഗ്യതയുള്ളവരെയാണ് ആവശ്യം. മുംബൈ, ബെംഗളൂരു, കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലുമായിരിക്കും നിയമനം.
തിരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യത, അക്കാദമിക് മികവ്, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കുകയും അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക. ജൂനിയർ ഓഫീസർമാരെ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. പ്രകടനത്തിന്റെയും കമ്പനി നയങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥിര നിയമനം ലഭിക്കാൻ സാധ്യതയുണ്ട്.
അപേക്ഷകർ റിക്രൂട്ട്മെന്റ് വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുകയും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് അയോഗ്യതയ്ക്ക് കാരണമായേക്കാം.
സിബിഎസ്എൽ റിക്രൂട്ട്‌മെന്റ് 2025-ന് അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.canmoney.in
‘കരിയർ’ എന്ന വിഭാഗത്തിലേക്ക് പോകുക.
സിബിഎസ്എൽ റിക്രൂട്ട്‌മെന്റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിക്കുക.
അപേക്ഷാ ഫോം കൃത്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ, ബാധകമെങ്കിൽ, അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കുകയോ നിർദ്ദേശപ്രകാരം പൂരിപ്പിച്ച ഫോം അയക്കുകയോ ചെയ്യുക.
സമർപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പ് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
അപേക്ഷകർക്ക് സാധുവായ ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കണം. കാരണം റിക്രൂട്ട്‌മെന്റ് സംബന്ധിച്ച എല്ലാ അറിയിപ്പുകളും ആ ഐഡിയിലേക്ക് മാത്രമായിരിക്കും അയക്കുക.