കേന്ദ്ര സർവീസിലെ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്), ഹവിൽദാർ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്‌ടോബർ 24 വരെ നടക്കും. കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷ ഓൺലൈനായി ജൂലായ് 24-നകം സമർപ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത (എല്ലാ തസ്തികകളിലേക്കും): പത്താംക്ലാസ് വിജയം/ തത്തുല്യ യോഗ്യത 2025 ഓഗസ്റ്റ് ഒന്നിനകം നേടിയിരിക്കണം.ശാരീരിക യോഗ്യത (ഹവിൽദാർ തസ്തികയിലേക്കുമാത്രം): പുരുഷന്മാർക്ക് 157.5 സെമീയും (എസ്ടി വിഭാഗക്കാർക്ക് അഞ്ച് സെമീ വരെ ഇളവ് ലഭിക്കും) സ്ത്രീകൾക്ക് 152 സെമീയും (എസ്ടി വിഭാഗക്കാർക്ക് 2.5 സെമീവരെ ഇളവ് ലഭിക്കും) ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 81 സെമീ നെഞ്ചളവും അഞ്ച് സെമീ നെഞ്ചളവ് വികാസവും വേണം.
സ്ത്രീകൾക്ക് 48 കിലോഗ്രാം ഭാരം വേണം (എസ്ടി വിഭാഗക്കാർക്ക് രണ്ടുകിലോഗ്രാം ഇളവ് ലഭിക്കും).പ്രായം: 18-25, 18-27 എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 2025 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
18-25 പ്രായപരിധിയിലുള്ളവർ 02.08.2000-നും 01.08.2007-നും ഇടയിൽ ജനിച്ചവരും 18-27 പ്രായപരിധിയിലുള്ളവർ 02.08.1998-നും 01.08.2007-നും ഇടയിൽ ജനിച്ചവരുമായിരിക്കണം. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷ: https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വൺടൈം രജിസ്ട്രേഷൻ ചെയ്തശേഷമാണ് അപേക്ഷിേക്കണ്ടത്. mySSC എന്ന മൊബൈൽ ആപ്പ് മുഖേനയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ മേൽപ്പറഞ്ഞ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ ലഭ്യമാണ്. ഒപ്പും, തത്സമയം എടുക്കുന്ന ഫോട്ടോയും വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്‌ലോഡ്ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ജൂലായ് 24.