ദിവസത്തില്‍ ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാം. വെറുതെ പറയുന്നതല്ല, ഗുണങ്ങള്‍ ഏറെയാണ്. വിശപ്പും ദാഹവും എല്ലാം അകറ്റാന്‍ ഈ പാനീയത്തിനാകും. മാത്രമല്ല ആരോഗ്യവും സൗഖ്യവും പകരാനും നാരങ്ങാവെള്ളം സഹായിക്കും. വൈറ്റമിന്‍ സി യും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, പൊട്ടാസ്യം, ബി വൈറ്റമിനുകളും ആവോളമുണ്ട്. ഊര്‍ജമേകുന്നതോടൊപ്പം തന്നെ ഇവയെല്ലാം ഫിറ്റ്‌നെസ് നിലനിര്‍ത്താനും സഹായിക്കും. നാരങ്ങാവെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ചില ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്:
ആന്റി ഓക്‌സിഡന്റുകള്‍
നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കുകയും കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാര്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീറാഡിക്കലുകള്‍. കൂടാതെ വൈറ്റമിന്‍ സി പ്രോട്ടീന്റെ ഉപാപചയ പ്രവര്‍ത്തനത്തിലും അരുണ രക്താണുക്കളുടെ ഉല്‍പാദനത്തില്‍ അയണിന്റെ ആഗിരണത്തിനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും പ്രധാന പങ്കുവഹിക്കുന്നു.
ശരീരഭാരം കുറയ്ക്കും
ശരീരത്തിലെ ജലാംശം കൂട്ടുന്നതുകൊണ്ടു തന്നെ ശരീരഭാരം കുറയാന്‍ സഹായിക്കും.
വൃക്കയില്‍ കല്ല് വരാതെ തടയുന്നു
വൃക്കയിലെ കല്ലിന്റെ രൂപീകരണം നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ് തടയുന്നു. സിട്രിക് ആസിഡിലെ ഒരു ഘടകമാണ് സിട്രേറ്റ്. ഇത് മൂത്രത്തിലെ അമ്ലഗുണം കുറക്കും. കൂടാതെ ചെറിയ കല്ലുകളെ ഇത് വിഘടിപ്പിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് വൃക്കയില്‍ കല്ല് വരാതെ തടയും.
പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
പായ്ക്കറ്റില്‍ ലഭ്യമായ മറ്റ് ജ്യൂസുകളിലും സോഡകളിലുമെല്ലാം ധാരാളംം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. മറ്റ് അഡിറ്റീവുകള്‍ ഒന്നും അടങ്ങിയിട്ടില്ലാത്ത വളരെ നാച്വറല്‍ ആയ പാനീയമാണ് നാരങ്ങാവെള്ളം. ദാഹമകറ്റുന്നതിനോടൊപ്പം ഊര്‍ജമേകുകയും ദന്താരോഗ്യവും വായയുടെ ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യും.
ദഹനത്തെ എളുപ്പമാക്കും
ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കും. നാരങ്ങയ്ക്ക് ഉദരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ഡൈജസറ്റീവ് ഫ്‌ലൂയ്ഡ് ആയ ഗ്യാസ്ട്രിക് ആസിഡിന്റെ ഉല്‍പാദനം കൂട്ടാന്‍ കഴിയും. ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നത് ഈ ആസിഡ് ആണ്. ദഹനപ്രശ്‌നങ്ങളായ ആസിഡ് റിഫ്‌ലക്‌സ് അകറ്റാനും മലബന്ധമകറ്റാനും നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും.
































