സ്‌ത്രീകളിൽ അകാലത്തിലുള്ള ആർത്തവവിരാമം കൂടുന്നു; കാരണങ്ങൾ ഇവ

Advertisement

മുൻപൊക്കെ അൻപതുകളിലേക്ക്‌ അടുക്കുമ്പോഴാണ്‌ കുറയുന്ന പ്രത്യുത്‌പാദനക്ഷമതയും ആർത്തവവിരാമവുമൊക്കെ സ്‌ത്രീകളിൽ കാണപ്പെട്ടിരുന്നത്‌. എന്നാൽ മാറിയ ജീവിതശൈലികളുടെയും മറ്റും ഫലമായി വളരെ നേരത്തെ, ഇരുപതുകളിൽ പോലും ആർത്തവവിരാമം സംഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വർധിച്ചു വരികയാണെന്ന്‌ റിപ്പോർട്ട്‌. സ്‌ത്രീകളിൽ ഗർഭധാരണത്തിന്‌ ആവശ്യമായ അണ്ഡകോശങ്ങൾ വേണ്ടത്ര ലഭ്യമല്ലാത്ത അവസ്ഥയും കാണപ്പെടുന്നതായി മദർഹുഡ്‌ ഫെർട്ടിലിറ്റി ആൻഡ്‌ ഐവിഎഫ്‌ ക്ലിനിക്കൽ ഡയറക്ടർ ഡോ. ബീന മുക്ടേഷ്‌ ഇന്ത്യ ടുഡേയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇത്‌ അവരുടെ പ്രത്യുത്‌പാദനക്ഷമതയെ ബാധിച്ച്‌ വന്ധ്യതയിലേക്ക്‌ തള്ളി വിടാം.

ആവശ്യത്തിന്‌ അണ്ഡകോശങ്ങൾ ഇല്ലാതാകുന്നത്‌ പ്രകൃതിദത്തമായ ഗർഭധാരണത്തിനെ മാത്രമല്ല ഐവിഎഫ്‌ ചികിത്സയെയും പ്രതികൂലമായി ബാധിക്കാം. ആന്റി മില്ലേറിയൻ ഹോർമോൺ(എഎംഎച്ച്‌) ബ്ലഡ്‌ ടെസ്‌റ്റും അൾട്രാ സൗണ്ടിലൂടെ നടത്തുന്ന ആൻട്രാൽ ഫോളിക്കിൾ കൗണ്ടുമാണ്‌ സ്‌ത്രീകളുടെ അണ്ഡകോശങ്ങളുടെ ശേഖരത്തെ അളക്കാൻ സഹായിക്കുന്ന രണ്ട്‌ പരിശോധനകൾ. എഎംഎച്ച്‌ തോതിലെ കുറവ്‌ പ്രത്യുത്‌പാദനക്ഷമത കുറഞ്ഞ്‌ വരുന്നതിന്റെ ലക്ഷണമാണ്‌. പലപ്പോഴും വളരെ നിശ്ശബദ്‌മായി പ്രത്യേകിച്ച്‌ ലക്ഷണങ്ങളൊന്നും കാണിക്കാതെയാണ്‌ ഈ വന്ധ്യത ആരംഭിക്കുന്നത്‌. ചില സ്‌ത്രീകളിൽ ആർത്തവമുറ കൃത്യമായി വരുമെങ്കിലും അവരുടെ പ്രത്യുത്‌പാദനത്തിനുള്ള കഴിവ്‌ സാരമായി ബാധിക്കപ്പെടാം.

കാരണങ്ങൾ
ജനിതകപരമായ കാരണങ്ങൾ വളരെ ചെറുപ്പത്തിൽ ആർത്തവവിരാമത്തിനും വന്ധ്യതയ്‌ക്കും കാരണമാകാം. നിരന്തരമായ സമ്മർദ്ദം, ഉറക്കമില്ലായ്‌മ, ചിലതരണം ഭക്ഷണക്രമങ്ങൾ, പുകവലി, പാരിസ്ഥിതികമായ വിഷാംശങ്ങളുമായുള്ള സമ്പർക്കം എന്നിവയും സ്‌ത്രീകളുടെ പ്രത്യുത്‌പാദനപരമായ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട ഈ ഘടകങ്ങൾ ഹോർമോണൽ അസന്തുലിതാവസ്ഥയ്‌ക്കും കാരണമാകാം. ഗർഭനിരോധന മാർഗ്ഗങ്ങളുടെ അമിതമായ ഉപയോഗം, ദീർഘ നേരം ഇരിക്കുന്നത്‌, അമിതമായ കഫൈൻ ഉപയോഗം, വേപ്പിങ്‌, പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണത്തിലെ രാസവസ്‌തുക്കളുമായുള്ള നിരന്തര സമ്പർക്കം, സൗന്ദര്യ ഉത്‌പന്നങ്ങളുടെ അമിത ഉപയോഗം, പ്ലാസ്റ്റിക്കിലും കോസ്‌മെറ്റിക്‌സിലും കാണപ്പെടുന്ന എൻഡോക്രൈനിനെ ബാധിക്കുന്ന രാസവസ്‌തുക്കൾ എന്നിവയും നേരത്തെയുള്ള ആർത്തവവിരാമത്തിലേക്ക്‌ നയിക്കാം.

ജീവിതശൈലി മാറ്റങ്ങളും നേരത്തെയുള്ള പരിശോധനകളും വന്ധ്യത ചികിത്സയിൽ നിർണ്ണായകമാണെന്ന്‌ ഡോക്ടർമാർ പറയുന്നു. അകാലത്തിലുള്ള ആർത്തവവിരാമത്തിന്റെ കുടുംബചരിത്രമുള്ളവർ, പോളിസിസ്‌റ്റിക്‌ ഓവറി സിൻഡ്രോമുള്ളവർ, ക്രമം തെറ്റിയ ആർത്തവമുറകൾ ഉള്ളവർ തുടങ്ങിയവരെല്ലാം ഇരുപതുകൾക്ക്‌ അവസാനം തന്നെ പ്രത്യുത്‌പാദനക്ഷമത പരിശോധിക്കുന്നത്‌ നന്നായിരിക്കുമെന്നും ഡോ. ബീന കൂട്ടിച്ചേർത്തു.

Advertisement