പിസിഒഎസ് രോഗികൾ ഡയറ്റിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Advertisement

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്. ഇത് ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും, അമിതമായ ആൻഡ്രോജൻ അളവ് ഉണ്ടാക്കുകയും, വന്ധ്യത, ശരീരഭാരം കൂടുക, മുഖക്കുരു, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, പിസിഒഎസ് ആഗോളതലത്തിൽ ഏകദേശം 10 സ്ത്രീകളിൽ ഒരാളെ ബാധിക്കുന്നു. പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ മരുന്നുകൾ സഹായിക്കുമെങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് ഏറെ ഗുണം ചെയ്യും. ഭക്ഷണക്രമത്തിന് പുറമേ, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, സമ്മർദ്ദം കുറയ്ക്കൽ, ഉറക്കം എന്നിവ പിസിഒഎസ് കൈകാര്യം ചെയ്യുന്നതിന് അത്യന്താപേക്ഷിതമാണ്.

പിസിഒഎസ് രോഗികൾ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക

ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയുകയും പിസിഒഎസ് രോഗികളിൽ കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമായ ഇൻസുലിൻ പ്രതിരോധം ലഘൂകരിക്കുകയും ചെയ്യുന്നു. ഇതിനായി ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. അതുപോലെ വൈറ്റ് ബ്രെഡ്, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് തുടങ്ങിയവ ഒഴിവാക്കുക.

  1. ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ പിസിഒഎസ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇതിനായി മഞ്ഞൾ, പച്ചിലക്കറികൾ, ബെറി പഴങ്ങൾ, തക്കാളി, ഫാറ്റി മത്സ്യം പോലുള്ള ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.

  1. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും

മുട്ട, പയർവർഗ്ഗങ്ങൾ, നട്സ്, അവക്കാഡോ, വിത്തുകൾ, ഒലീവ് ഓയിൽ തുടങ്ങിയ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുക.

  1. പഞ്ചസാര കുറയ്ക്കുക

അമിതമായി പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നു. അതിനാൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പാക്കേജ് ചെയ്ത ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

  1. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. അതിനാൽ ബ്രൊക്കോളി, ചീര തുടങ്ങിയ പച്ചക്കറികൾ, പിയർ പഴം, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  1. റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ

പിസിഒഎസ് രോഗികൾ റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയും ഡയറ്റിൽ നിന്നും ഒഴിവാക്കുക.

  1. വെള്ളം കുടിക്കുക

പിസിഒഎസ് രോഗികൾ വെള്ളം ധാരാളം കുടിക്കേണ്ടതും പ്രധാനമാണ്. ഇത് ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.