രാത്രിയില്‍ മുടിയില്‍ എണ്ണ പുരട്ടിയാല്‍ സംഭവിക്കുന്നത് ഇക്കാര്യങ്ങള്‍

54
Advertisement

പണ്ട് കാലം മുതലേ എണ്ണ തേക്കുന്നത് മുടി സംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നു. എണ്ണ പുരട്ടുന്നത് മുടിക്ക് ഈര്‍പ്പം നല്‍കുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പതിവായി മുടിയില്‍ എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാല്‍, ഉറങ്ങുന്നതിന് മുമ്പ് മുടിയില്‍ എണ്ണ പുരട്ടണോ വേണ്ടയോ എന്നത് പലരുടെയും സംശയമാണ്. പലരും രാത്രി മുടിയില്‍ എണ്ണ പുരട്ടി രാവിലെ കഴുകി കളയാറുണ്ട്. എന്നാല്‍, ഇത് മുടിക്ക് ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറിച്ച് ദോഷം ചെയ്യും.
ശരിയായ രീതിയില്‍ മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ അത് എക്‌സ്‌ഫോളിയേഷന് സഹായിക്കുന്നു. രാസ ചികിത്സകള്‍, സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍, മലിനീകരണം എന്നിവ കാരണം മുടിക്ക് കേടുപാടുകള്‍ സംഭവിക്കാം. എന്നാല്‍, എണ്ണ പുരട്ടുന്നതിലൂടെ മുടിക്ക് ആവശ്യമായ ലിപിഡ് പോലുള്ള ഫാറ്റി ആസിഡുകള്‍ വീണ്ടെടുക്കാന്‍ സാധിക്കും. നമ്മുടെ മുടിയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് ലിപിഡുകള്‍. ഇവ മുടിയുടെ വളര്‍ച്ചയും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

രാത്രി മുടിയില്‍ എണ്ണ പുരട്ടിയാല്‍
മുടി മസാജ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം രാത്രിയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, രാത്രിയില്‍ മുടിയില്‍ എണ്ണ പുരട്ടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. മുടിയില്‍ എണ്ണ വളരെ നേരം തങ്ങിനില്‍ക്കുമ്പോള്‍, അഴുക്ക് അതില്‍ അടിഞ്ഞുകൂടുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് താരന്‍ വളരാന്‍ കാരണമാകും. മുടിയില്‍ ഇത്തരത്തില്‍ എണ്ണ പുരട്ടി വയ്ക്കുന്നത് മുടിയുടെ വേരുകളില്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നു. കൂടാതെ, രാത്രി മുഴുവന്‍ എണ്ണ പുരട്ടിയിരിക്കുന്നത് മുഖകുരുവിനും ജലദോഷം, ചുമ, തലവേദന മുതലായ രോഗങ്ങള്‍ പെട്ടെന്ന് പിടിപെടുന്നതിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മുടിയില്‍ എണ്ണ പുരട്ടേണ്ടത് എപ്പോള്‍?
അതിനാല്‍ രാത്രിയില്‍ എണ്ണ പുരട്ടുന്നതിന് പകരം, പകല്‍ കുളിക്കുന്നതിന് മുമ്പായി മുടിയില്‍ നന്നായി എണ്ണ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് ആവശ്യമായ പോഷണം ലഭിക്കുന്നതിനോടൊപ്പം മുടി വൃത്തിയായിരിക്കാനും സഹായിക്കുന്നു. കുളിക്കുന്നതിന് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ മുമ്പ് വരെ എണ്ണ പുരട്ടുന്നതാണ് ഉചിതം. അതുപോലെ പലതരം എണ്ണകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ ഏത് എണ്ണയാണ് മുടിക്ക് ഉപയോഗിക്കേണ്ടതെന്ന് അറിയുന്നതും പ്രധാനമാണ്. തേങ്ങ, എള്ള്, ബദാം, ഒലിവ്, റോസ്‌മേരി, അര്‍ഗന്‍, നെല്ലിക്ക എന്നിവ അടങ്ങിയ എണ്ണ പുരട്ടുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചത്.

Advertisement