മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയ്ക്കൊപ്പം വിനായകനും തകർത്തഭിനയിച്ച ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുൾപ്പെടെ നിരവധി നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്
































