ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും അഭ്യര്‍ഥിക്കുന്നു. പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യൂറോപ്പിലേയും മലേഷ്യയിലേയും വിതരണക്കാരുടെ സോഷ്യല്‍ മീഡിയ ഔദ്യോഗിക പേജിലെ കുറിപ്പ് അവസാനിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി വെച്ചു. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.






























