ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ 50 കോടിയിലേക്ക് കുതിക്കുന്നു. ചിത്രം ആദ്യത്തെ ഞായറാഴ്ച നേടിയത് 6.35 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഇതിനോടകം ഇന്ത്യയില്‍ നിന്ന് മാത്രമായി 16 കോടിയാണ് നേടിയിരിക്കുന്നത്.
ആഗോളതലത്തില്‍ റിലീസുണ്ടായിരുന്ന ചിത്രമാണ് ഡീയസ് ഈറെ. ചിത്രത്തിന്റെ ഗ്ലോബല്‍ കളക്ഷന്‍ 40 കോടിയ്ക്ക് അടുത്തായെന്നും അധികം വൈകാതെ തന്നെ ചിത്രം 50 കോടിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ദിവസം മാത്രം ഡീയസ് ഈറെ നാലരക്കോടി നേടിയിരുന്നു. റിലീസിന്റെ തലേന്ന് രാത്രിയിലെ പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമായി ഒരു കോടിയ്ക്ക് അടുത്തും ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പാണ് ഡീയസ് ഈറെ നടത്തുന്നത്. ആദ്യ ദിവസം മാത്രം വില്‍ക്കപ്പെട്ടത് 2.38 ലക്ഷം ടിക്കറ്റുകളായിരുന്നു. ആദ്യ ദിവസത്തെ ടിക്കറ്റിന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ്, മാര്‍ക്കോ, ലോക, ഹൃദയപൂര്‍വ്വം എന്നീ സിനിമകലേയും ഡീയസ് ഈറെ പിന്നിലാക്കി. മലയാളത്തിലെ ഒരു എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡ് മാര്‍ക്കോയെ പിന്തള്ളി ഡീയസ് ഈറെ നേടുകയും ചെയ്തിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറെയില്‍ പുറത്തെടുത്തിരിക്കുന്നത്.































