ചെന്നൈ: ഇളയരാജയുടെ കോപ്പിറൈറ്റ് ആരോപണത്തില്‍ ഇത്തവണ കുടുങ്ങിയിരിക്കുന്നത് പ്രദീപ് രംഗനാഥന്‍ നായകനായ ‘ഡ്യൂഡ്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ്. പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രത്തിനായി കംപോസ് ചെയ്ത കറുത്ത മച്ചാന്‍ എന്ന പാട്ട് ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഇളയരാജയുടെ പാട്ടിന് മമിത ബൈജു ഡാന്‍സ് കളിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സെന്തില്‍ കുമാര്‍ ഇളയരാജയ്ക്ക് അനുമതി നല്‍കി.
തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെയുള്ള ഇളയരാജയുടെ നിയമപോരാട്ടം തുടര്‍ക്കഥയാവുകയാണ്. നേരത്തെ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെയും അദ്ദേഹം കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് വലിയൊരു തുക നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ക്ക് നല്‍കേണ്ടി വന്നിരുന്നു.
അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയ്ക്കെതിരേയും ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. മൈത്രി മൂവീസ് തന്നെയായിരുന്നു ഈ സിനിമയുടെ നിര്‍മാണം. ഇളയരാജ നല്‍കിയ കേസിന് പിന്നാലെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്സില്‍ നിന്നും പിന്‍വലിച്ചിരുന്നു.
































