ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തറിങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 3’ തൊടുപുഴയിൽ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രത്തിൽ ജോർജ്കുട്ടിയായി വീണ്ടും മോഹൻലാൽ എത്തുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ
ജോർജുകുട്ടിയുടെ കുടുംബത്തിന്റെ മൂന്ന് സിനിമകളിലെയും ഒരേ ഫ്രെയിമുകൾ ഒന്നിച്ചാക്കി സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ‘ദൃശ്യം’ സിനിമയുടെ 12 വർഷത്തെ യാത്ര കൂടിയാണ് സംവിധായകൻ ലളിതമായി പറഞ്ഞു വച്ചത്. ‘ദൃശ്യം 1 ’, ‘ദൃശ്യം 2’ , ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 എന്നിവയിലെ ഡൈനിങ് ടേബിൾ സീനുകളാണ് അദ്ദേഹം കോർത്തിണക്കി പോസ്റ്റ് ചെയ്തത്.
മോഹൻലാൽ അവതരിപ്പിച്ച നായകൻ ജോർജുകുട്ടിയും ഭാര്യ റാണി, മക്കളായ അഞ്ജു, അനു എന്നിവരും ഡൈനിങ് ടേബിളിൽ ഇരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. 2013-ൽ ചെറിയ കുട്ടികളായിരുന്ന അഞ്ജുവും അനുവും, 2021-ൽ കൗമാരക്കാരായും, ‘ദൃശ്യം 3’ൽ കൂടുതൽ വളർന്നതായും ചിത്രങ്ങളിൽ കാണാം. ഒരു കൊലപാതകത്തിന്റെ നിഴലിൽ ഭയത്തിന്റെയും സമ്മർദ്ദത്തിന്റെയും ഇടയിൽ ജീവിതം നയിച്ച ജോർജുകുട്ടിയുടെ കുടുംബത്തിൽ സംഭവിച്ച മാറ്റങ്ങൾ വ്യക്തമാക്കുന്ന ഈ ഡൈനിങ് റൂം ചിത്രങ്ങൾ, സിനിമയുടെ ദീർഘകാല അതിജീവനത്തിന്റെ കഥ കൂടിയാണ് പറയുന്നത്.
Home Lifestyle Entertainment 3 സിനിമകൾ, ഒരേ ഫ്രെയിം: ദൃശ്യം ‘ടേബിള്‍ ട്രിലോളജി’ പങ്കുവച്ച് ജീത്തു ജോസഫ്
































