സൗന്ദര്യയുടെ ജീവനപഹരിച്ച വിമാനത്തില്‍ താനും കയറേണ്ടിയിരുന്നതാണെന്ന് നടി മീന… 21 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

Advertisement

കിളിചുണ്ടന്‍ മാമ്പഴം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയായിരുന്നു സൗന്ദര്യ. വെറും 31 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വിമാനാപകടത്തില്‍ സൗന്ദര്യയുടെ മരണം. മരണസമയം സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്ന വാര്‍ത്ത പലരെയും വേദനിപ്പിച്ചു. കുടുംബത്തിന് നഷ്ടമായത് അവരുടെ മകളെ മാത്രമല്ല, മകനെക്കൂടിയാണ്. 2004 ഏപ്രില്‍ 17നായിരുന്നു നാടിനെ നടുക്കിയ അപകടം നടക്കുന്നത്. നിയന്ത്രണം തെറ്റി താഴെവീണ വിമാനം കത്തിയമര്‍ന്നു.
ബെംഗളുരുവിനടുത്തുള്ള ജക്കൂര്‍ എയര്‍ഫീല്‍ഡില്‍ സിംഗിള്‍ എന്‍ജിന്‍ എയര്‍ക്രാഫ്റ്റായ ‘സെസ്‌ന 180’ 2004 ഏപ്രില്‍ 17ന് തകര്‍ന്നടിഞ്ഞു. വിമാനത്തില്‍ സൗന്ദര്യയും സഹോദരനും പൈലറ്റും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നു. അക്കാലത്ത് സൗന്ദര്യ ബിജെപിയില്‍ ചേര്‍ന്ന് കുറച്ചു നാളുകള്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. പാര്‍ട്ടിക്ക് വേണ്ടി ആന്ധ്ര പ്രദേശിലെ കരിം നഗറില്‍ പ്രചാരണത്തിന് പോകുന്ന വഴിയായിരുന്നു നടി. അഗ്‌നി ഏവിയേഷന്‍ അഡ്വെഞ്ചറിന്റെ ഉടമസ്ഥതയിലെ 13 വര്‍ഷം പഴക്കമുള്ള വിമാനമായിരുന്നു സെസ്‌ന. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ആ വിമാനത്തില്‍ താനും കയറേണ്ടിയിരുന്നു എന്ന് മലയാള സിനിമയുടെ ഒരു പ്രിയ നായിക മീന. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാവാനായിരുന്നു ക്ഷണം. അപകടം നടന്ന് ഇത്രയും കൊല്ലത്തിനിടെ എവിടെയും മീന ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. എന്നാലിപ്പോള്‍, മീനയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുകയാണ്. അപകടവാര്‍ത്തയില്‍ ഞെട്ടലുണ്ടായതായും മീന. എങ്ങനെയാണ് താന്‍ ആ വിമാനത്തില്‍ കയറാതെ രക്ഷപെട്ടത് എന്നും അവര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാന്‍ താല്പര്യപ്പെടുന്നില്ല എന്ന് പറഞ്ഞാണ് മീന അന്ന് ആ യാത്ര ഒഴിവാക്കിയത്. അതേദിവസം ഷൂട്ടിംഗ് ഉണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. മീനയും സൗന്ദര്യയും മോഹന്‍ലാലിന്റെ നായികാ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളത്തില്‍ ആകെ രണ്ടു ചിത്രങ്ങളില്‍ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ. ജയറാം നായകനായ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലാണ് സൗന്ദര്യ ആദ്യമായി മലയാളത്തില്‍ വേഷമിടുന്നത്. അതിനു ശേഷമായിരുന്നു ‘കിളിച്ചുണ്ടന്‍ മാമ്പഴം’ റിലീസ്.

Advertisement