സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിച്ച് ഐശ്വര്യ ലക്ഷ്മി

Advertisement

സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ താന്‍ സജീവമായിരുന്നതെന്നും എന്നാല്‍ സമൂഹമാധ്യമങ്ങള്‍ തന്റെ കുഞ്ഞു കുഞ്ഞു സന്തോഷം പോലും കവര്‍ന്ന് കളയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥ വന്നതോടെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയാണെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി. ഒരുപക്ഷേ ആളുകള്‍ തന്നെ മറന്നു പോയേക്കാമെങ്കിലും താന്‍ അത് കാര്യമാക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഐശ്വര്യയുടെ കുറിപ്പിങ്ങനെ: ‘ സിനിമ ഇന്‍ഡസ്ട്രിയില്‍ നിലനിന്ന് പോകാന്‍ സമൂഹമാധ്യമങ്ങള്‍ ആവശ്യമാണെന്ന തോന്നലിനെ തുടര്‍ന്നാണ് കുറേക്കാലമായി ഇത് ഉപയോഗിച്ച് വന്നത്. കാലത്തിനൊപ്പം മുന്നോട്ട് നീങ്ങാന്‍ ഇത് സഹായിക്കുമെന്ന് കരുതി. പക്ഷേ അത് വിപരീതഫലമാണ് ഉണ്ടാക്കിയത്. ക്രമേണെ സോഷ്യല്‍ മീഡിയ എന്നെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് വന്നു. എന്റെ തൊഴിലില്‍ നിന്നും ഗവേഷണങ്ങളില്‍ നിന്നും എന്നെ അകറ്റി. സചേതനമായി എന്നിലുണ്ടായിരുന്നതിനെയെല്ലാം എടുത്തുകളഞ്ഞു. സ്വാഭാവികതയെ,എന്റെ ഭാഷയെ, വാക്കുകളെ, ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളെ പോലും കവര്‍ന്നു.

ഈ വലിയ സൂപ്പര്‍നെറ്റിന്റെ ഒരേ അച്ചില്‍ വാര്‍ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ തന്നെ പുതുക്കാനും സ്വയം നിയന്ത്രിക്കാനും സോഷ്യല്‍ മീഡിയയുടെ സമ്മര്‍ദത്തെ ചെറുക്കാനും പരിശീലിച്ചു. കുറച്ച് കാലമായി ഇതെന്റെ മനസിലുണ്ട്. ‘ഗ്രാ’മിലില്ലാത്ത് മനസിലും നില്‍ക്കാത്ത ഈ കാലത്ത് ഒരുപക്ഷേ ആളുകള്‍ എന്നെ മറന്നു കളഞ്ഞേക്കാം. സാരമില്ല, ആ റിസ്‌ക് ഞാനെടുക്കുകയാണ്. എന്നിലെ കലാകാരിക്കും ഉള്ളിലെ ചെറിയ പെണ്‍കുട്ടിക്കുമായി, അവളെ തനിമയോടെ നിലനിര്‍ത്താന്‍ ഇന്റര്‍നെറ്റിനെ പൂര്‍ണമായും ഒഴിവാക്കുകയാണ്. ജീവിതത്തില്‍ കുറേക്കൂടി അര്‍ഥവത്തായ ബന്ധങ്ങളും സിനിമയും ചെയ്യാമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ നല്ല സിനിമയുമായി ഞാന്‍ വന്നാല്‍ പഴയത് പോലെ സ്‌നേഹം തിരികെ തരുമല്ലോ’.

Advertisement