ആഢംബരവും ആള്‍ക്കൂട്ടവുമില്ല… ലളിതം സുന്ദരം; നടി ഗ്രേസ് ആന്റണി വിവാഹിതയായി, പങ്കാളിയും സിനിമയില്‍ നിന്ന്

Advertisement

കുമ്പളങ്ങി നൈറ്റ്‌സ്, തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്റണി വിവാഹിതയായി. വിവാഹിതയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെച്ചത്. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരന്‍. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല ഒടുവില്‍ അത് സംഭവിച്ചു. എന്ന കുറിപ്പോടെ ജസ്റ്റ് മാരിഡ് എന്ന ഹാഷ് ടാഗോടെയാണ് ഗ്രേസ് വിവാഹചിത്രം പങ്കു വെച്ചത്. വിവാഹത്തിന് ആശംസയറിയിച്ച് നിരവധി പേരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയത്. ഉണ്ണി മുകുന്ദന്‍, രജിഷ വിജയന്‍, സണ്ണി വൈന്‍, നിരഞ്ജന അനൂപ് എന്നിങ്ങനെ സിനിമാ മേഖലയില്‍ നിന്നുള്ളവരും ആശംസകളുമായി എത്തിയിട്ടുണ്ട്.

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് ഗ്രേസ് ആന്റണി. ഓരോ കഥാപാത്രങ്ങളും ഒന്നിനോട് ഒന്ന് വ്യത്യസ്തമാണ് എന്നതാണ് ഗ്രേസിന്റെ കരിയറിലെ പ്രത്യേകത. കോമഡി മുതല്‍ സീരിയസ് റോള്‍ വരെ അനായാസം കൈകാര്യം ചെയ്യുന്ന ഗ്രേസ് ഇന്ന് മിക്ക സിനിമകളിലെയും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മോഡലും ക്ലാസിക്കല്‍ നര്‍ത്തകിയും കൂടിയാണ് ഗ്രേസ് ആന്റണി. 2019ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ‘കുമ്പളങ്ങി നൈറ്റ്സില്‍’ ഫഹദ് ഫാസിലിനോടൊപ്പം ചെയ്ത ‘സിമി’ എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് അറിയപ്പെട്ടു തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെയെല്ലാം ഗ്രേസ് അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴിലെ ‘പറന്ത് പോ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

കഴിഞ്ഞ ആറുവര്‍ഷങ്ങളായി മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി ടോം സിറിയക്. മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമാണ് എബി. അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍, ദീപക് ദേവ്, അഫ്‌സല്‍ യൂസഫ്, ബെന്നറ്റ് വീറ്റ്റാഗ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement