ആക്ഷന്‍ ഹീറോ ബിജു 2-വിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി നിവിന്‍ പോളി

328
Advertisement

വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പേരില്‍ തന്റെ പക്കല്‍ നിന്നും പണം തട്ടിയെന്ന നിര്‍മാതാവിന്റെ പരാതിയിന്മേലാണ് നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങളെ മാനിക്കാതെയും വസ്തുതകളെ വളച്ചൊടിച്ചുമാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് നിവിന്‍ പോളി പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് നിവിന്‍ പോളി പ്രതികരിക്കുന്നത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സത്യം വജയിക്കുമെന്നും നിവിന്‍ പോളി പറയുന്നു.

”ജൂണ്‍ 18 മുതല്‍ കോടതി നിര്‍ദ്ദേശപ്രകാരമുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന കേസാണിതെന്ന് വിശദമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോടതി നിര്‍ദേശം മാനിക്കാതെ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വസ്തുതകളെ വളച്ചൊടിക്കുകയും നടന്നു കൊണ്ടിരിക്കുന്ന മധ്യസ്ഥ ചര്‍ച്ചകളെ ഒളിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ. ഞങ്ങള്‍ വേണ്ട നിയമനടപടി സ്വീകരിക്കും. സത്യം വിജയിക്കും” എന്നാണ് താരത്തിന്റെ പ്രതികരണം.

Advertisement