കേരളത്തിലെ യുവതലമുറയുടെ ഹൃദയം കീഴടക്കിയ റാപ്പർ ഹിരൺദാസ് മുരളി, അഥവാ വേടൻ, ഇനി തമിഴ് സിനിമാ ലോകത്തും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. മൂർച്ചയുള്ള വരികളിലൂടെയും ശക്തമായ ആലാപനത്തിലൂടെയും ശ്രദ്ധേയനായ വേടൻ, സംവിധായകൻ വിജയ് മിൽട്ടന്റെ പുതിയ ചിത്രത്തിലൂടെ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴ്-തെലുങ്ക് ഭാഷകളിലായാണ് ഒരുങ്ങുന്നത്. രാജ് തരുൺ നായകനാകുന്ന സിനിമയിൽ ഭരത്, സുനിൽ, ആരി അർജുനൻ, അമ്മു അഭിരാമി, കിഷോർ ഡിഎസ്, വിജേത, പ്രസന്ന ബാലചന്ദ്രൻ, ഇമ്മാൻ അണ്ണാച്ചി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റാപ്പർ പാൽ ഡബ്ബയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫ് നോട്ട് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം.
2014-ൽ പുറത്തിറങ്ങിയ ‘ഗോലി സോഡാ’യുമായി ബന്ധപ്പെട്ട പ്രോജക്റ്റാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്’ എന്ന ഗാനത്തിലൂടെ 2020-ൽ പ്രശസ്തനായ വേടൻ, മലയാളത്തിൽ ‘നായാട്ട്’, ‘പടവെട്ട്’, ‘നരിവേട്ട’, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഉൾപ്പെടെ നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.