അമ്പരപ്പിക്കുന്ന ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍… ‘ഡീയസ് ഈറേ’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്

492
Advertisement

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡീയസ് ഈറേ’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും. തികച്ചും വ്യത്യസ്തമായ ടെറര്‍ ലുക്കിലാണ് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ.’ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.
സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം രാഹുലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വ്യത്യസ്തവും വൈകാരികവുമായ കഥയാണ് ‘ഡീയസ് ഈറേ’യില്‍ അവതരിപ്പിക്കുന്നതെന്നും ഇതൊരു ഹൊറര്‍-ത്രില്ലര്‍ സിനിമയായതിനാല്‍ തന്നെ, കഥപറച്ചിലിന്റെ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചിത്രം പുതിയ ഒരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രം ഒക്ടോബര്‍ 3ന്1 റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Advertisement