ദിലീപ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റില്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആണ്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് താരദമ്പതിമാരായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു മാസ് കോമഡി എന്റര്‍ടെയ്‌നര്‍ തന്നെ ആയിരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ടീസര്‍.
അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം ഉണ്ടാവുമോ എന്നത് ടീസറിന് ശേഷവും ഒരു സസ്‌പെന്‍സ് ആയി അവശേഷിക്കുന്നു. വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ഫാര്‍സ് ഫിലിംസ് സ്വന്തമാക്കിയിരുന്നു. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.