അടുത്തിടെ ഇറങ്ങിയ മലയാള സിനിമ ലൗലിക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ഈഗയുടെ നിര്‍മാതാവ് സായി കൊറപതി വക്കീല്‍ നോട്ടീസയച്ചു. ലൗലി സിനിമയിലെ കഥാപാത്രമായ ഈച്ച രാജമൗലിയുടെ ഈഗയിലെ ഈച്ചയുടെ അസല്‍ പകര്‍പ്പാണെന്നാണ് ആരോപണം. ആരോപണം ലൗലി സിനിമയുടെ സംവിധായകന്‍ ദിലീഷ് കരുണാകരന്‍ നിഷേധിച്ചു. വിഷയം നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി കഴിഞ്ഞ മെയ് 16നാണ് തിയറ്ററുകളിലെത്തിയത്. ലൗലിയെന്ന സിനിമയിലെ കഥാപാത്രമായ ഈച്ച കോപ്പിയടിച്ചതാണെന്നാണ് ഈഗ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ആരോപണം. 2012ല്‍ രാജമൗലി സംവിധാനം ചെയ്ത ഈഗയിലെ ഈച്ച പകര്‍ത്തിയത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് ലൗലിയുടെ നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഘട്ട് പ്രൊഡക്ഷന്‍സിനും നിയോ എന്‍റര്‍ടെയിന്‍മെന്‍റ്സിനും വക്കീല്‍ നോട്ടീസ് ലഭിച്ചത്.