ടെലിവിഷൻ താരം ദിപിക കക്കർ 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് ഭർത്താവ് ഷൊയ്ബ് ഇബ്രഹിം. കരൾ അർബുദത്തെ തുടർന്നാണ് ദീപികയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം മുംബൈയിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ദിപിക സുഖം പ്രാപിച്ചു വരികയാണെന്നും ഷൊയ്ബ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘ഇന്നലെ രാത്രി വിവരം അറിയിക്കാൻ കഴിയാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ദീർഘനേരം നീണ്ടു നിന്ന ശസ്ത്രക്രിയയായിരുന്നു അത്. 14 മണിക്കൂർ അവൾ ഓപ്പറേഷൻ തീയറ്ററിലായിരുന്നു. ദൈവ കൃപയാൽ എല്ലാം നന്നായി വരുന്നു. ദിപി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. അവൾക്ക് കുറച്ച് വേദനയുണ്ട്. പക്ഷേ, ആരോഗ്യസ്ഥിതി സുഖം പ്രാപിച്ചു വരികയാണ്. ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തിനും പ്രാർഥനകൾക്കും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി. അവൾ ഐസിയുയിൽ നിന്ന് വന്നതിനു ശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം. തുടർന്നും എല്ലാവരുടെയും പ്രാർഥന വേണം’– ഷൊയ്ബ് കുറിച്ചു.
മേയ് 15ന് പങ്കുവച്ച വ്ലോഗിലൂടെയാണ് കരളിൽ ട്യൂമറുണ്ടെന്ന് ദിപിക അറിയിച്ചത്. മേയ് 28ന് അർബുദം സ്ഥിരീകരിച്ചതായി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ ദിപിക വ്യക്തമാക്കി. ആന്റി ബയോട്ടിക് മരുന്നുകൾ കഴിച്ചിട്ടും അസുഖം ഭേദമാകാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്.
ഹിന്ദി സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദിപിക. 2018ലായിരും ദിപികയും ഷൊയ്ബും തമ്മിലുള്ള വിവാഹം. രണ്ടുവയസ്സുള്ള റുഹാൻ മകനാണ്.





































