പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനായി കണ്ണപ്പ ടീമിന്റെ പുതിയ അപ്‌ഡേറ്റ്‌

392
Advertisement

മലയാളത്തിന് പുറമേ തെലുങ്കിലും വിസ്മയം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. അടുത്തതായി ഡൈനാമിക് സ്റ്റാര്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹന്‍ലാല്‍ ഇന്ന് തന്റെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂണ്‍ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി ‘കണ്ണപ്പ’യുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകര്‍ഷിക്കുന്ന അസാമാന്യ സ്‌ക്രീന്‍ പ്രസന്‍സോടെ നടന്നുവരുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണര്‍ത്തിയിരിക്കുകകയാണ്.

ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂണ്‍ 27നാണ് റിലീസിനെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മോഹന്‍ലാല്‍ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. കണ്ണപ്പയില്‍, നിഗൂഢതയും ശക്തിയും കലര്‍ന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ രംഗങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതും ആയിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള സൂചന.

ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍ഖി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മ്മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്.

മോഹന്‍ലാലും വിഷ്ണു മഞ്ചുവും തമ്മില്‍ ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ കണ്ണപ്പ ഇതിനകം ഏറെ ചര്‍ച്ചാവിഷയമാണ്. മെയ് 8 മുതല്‍, അമേരിക്കയില്‍ നിന്ന് ‘കണ്ണപ്പ മൂവ്‌മെന്റ്’ തുടങ്ങാനിരിക്കുകയാണ്. ജൂണ്‍ 27ന് റിലീസാകുന്ന ചിത്രത്തിന്റെ ആഗോള പ്രമോഷനുകള്‍ക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയിലുടനീളം ‘കണ്ണപ്പ’യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാല്‍ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Advertisement