മര്യാദക്കേടല്ല, മാനസികാരോഗ്യം മുഖ്യം, ഹലോ ഉപേക്ഷിച്ചു, ഫോൺ വിളികളും വെട്ടി-ജെൻ സി

Advertisement

പുതിയ കാലത്തെ ഫോൺ സംഭാഷണങ്ങളിൽ ഒരു മിസ്സിംഗ് ഉണ്ട്. അത് മറ്റൊന്നുമല്ല, സംസാരം തുടങ്ങാൻ പണ്ട് ഉപയോഗിച്ചിരുന്ന ഹലോ എന്ന വാക്കാണ്. സോഷ്യൽ മീഡിയയുടെയും ഇൻസ്റ്റന്റ് മെസ്സേജിങ്ങിന്റെയും ലോകത്ത് വളർന്നുവന്ന ഈ യുവതലമുറ ആശയവിനിമയത്തിനായി തിരഞ്ഞെടുക്കുന്നത് അസിൻക്രണസ് രീതികളാണ്. തൽക്ഷണ പ്രതികരണം ആവശ്യമില്ലാത്ത, ഇഷ്ടമുള്ളപ്പോൾ മറുപടി നൽകാൻ സാധിക്കുന്ന മെസ്സേജുകളോടാണ് അവർക്ക് കൂടുതൽ ഇഷ്ടം. ഈ പ്രവണതക്ക് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് 2023-ൽ കമ്മ്യൂണിക്കേഷൻ റിസർച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നത്. പെട്ടെന്നുള്ള ഫോൺ കോളുകൾ തങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് 81% ജെൻ സിയും കരുതുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു..

മുതിർന്ന തലമുറയ്ക്ക് ലാൻഡ്‌ലൈൻ ഫോണുകൾ സർവ്വസാധാരണമായിരുന്നു. അതുകൊണ്ട് തന്നെ ‘ഹലോ’ എന്ന ഔപചാരികമായ അഭിവാദ്യം അവർക്ക് ഒരു മര്യാദയുടെ ഭാഗമായിരുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ വളർന്നുവന്ന ജെൻ സിയെ സംബന്ധിച്ച്, ഒരു ഫോൺ കോൾ എന്നത് അവരുടെ മുഴുവൻ ശ്രദ്ധ ആവശ്യമുള്ള, മാനസികമായി തയ്യാറെടുക്കാൻ സമയം നൽകാത്തതുമായ ഒരു കാര്യമായി മറുന്നു. സംസാരം ഒഴിവാക്കി നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നത് വെറും മര്യാദയില്ലായ്മയായി മുതിർന്നവർ കണ്ടേക്കാം. എന്നാൽ ജെൻ സിയെ സംബന്ധിച്ച്, ഇത് മാനസികാരോഗ്യത്തെ സംരക്ഷിക്കാനുള്ള ഒരു തന്ത്രമാണ്.

മെസ്സേജിങ് ആപ്പുകൾ, ഇ-മെയിലുകൾ, വോയിസ് നോട്ടുകൾ എന്നിവയുടെ ഉപയോഗം അവർക്ക് മറ്റുള്ളവരുമായുള്ള സംഭാഷണത്തിന് നിയന്ത്രണം നൽകുന്നു. ഇതിലുടെ അവർക്ക് സന്ദേശം വായിച്ച് ആലോചിച്ച് മറുപടി നൽകാൻ സമയം ലഭിക്കുന്നു. ഫോൺ വിളിക്കാനുള്ള ഭയം ജെൻ സികളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഇതിനെ ടെലിഫോബിയ എന്നാണ് പറയുന്നത്. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു ‘കോപ്പിംഗ് സ്ട്രാറ്റജി’ ആയാണ് പലരും ‘ഹലോ’ ഒഴിവാക്കുന്നത്. അതുകൊണ്ട്, നിങ്ങളുടെ ജെൻ സി സുഹൃത്ത് ‘ഹലോ’ പറയാതെ സംസാരിച്ച് തുടങ്ങുമ്പോൾ അത് മര്യാദകേടായി കാണാതെ, അവരുടെ പുതിയ ആശയവിനിമയ ശൈലിയും, മാനസിക സൗകര്യവും തേടുന്നതിനുള്ള വഴിയായി മനസ്സിലാക്കാം. ടെക്നോളജി നമ്മൾ സംസാരിക്കുന്ന രീതിയെ പോലും എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ പുതിയ പ്രവണത.

Advertisement