കൊല്ലം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്കാരം എം.ടി. ഗ്രൂപ്പ് ഉടമ സഞ്ജയ് പണിക്കർക്ക് ജില്ലാ കളക്ടർ സമ്മാനിച്ചു. ജില്ലയിലെ ‘മിഷൻ തൗസൻഡ്’ പദ്ധതിയിൽ ഉദ്ഘാടനം ചെയ്ത ആദ്യ സംരംഭമായ എം.ടി. ഗ്രൂപ്പിന്റെ ‘ഡിജിറ്റൽ ആർട്ട്’ എന്ന കേരളത്തിലെ ഏറ്റവും വലിയ മെമെന്റോ ഫാക്ടറിയാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
2004-ൽ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ മാവിൻ തെക്കതിൽ ഡിജിറ്റൽ സ്റ്റുഡിയോ എന്ന ആശയം കൊണ്ടുവന്നുകൊണ്ടാണ് സഞ്ജയ് പണിക്കർ സംരംഭക ലോകത്തേക്ക് കടന്നുവരുന്നത്. താലൂക്കിലെ തന്നെ ആദ്യ ഡിജിറ്റൽ സ്റ്റുഡിയോ ആയിരുന്നു ഇത്. പിന്നീട്, ജില്ലയിൽ ആദ്യമായി ഫ്ലെക്സും ലേസറും ഒരുമിപ്പിച്ച് ‘എം.ടി. ഫ്ലെക്സ്’ എന്ന സംരംഭം ആരംഭിച്ചത് എം.ടി. ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് വലിയ വേഗത നൽകി. ഇന്ന് എം.ടി. ഗ്രൂപ്പിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും നിരവധി ബ്രാഞ്ചുകളുണ്ട്.
ഇന്ന് ഇന്ത്യയിലെ തന്നെ എല്ലാത്തരം പ്രിന്റിംഗും ചെയ്യുന്ന ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി എം.ടി. ഗ്രൂപ്പ് മാറിയിരിക്കുന്നു. പ്രിന്റിംഗ് മേഖലയ്ക്ക് പുറമെ, നയര പെട്രോൾ പമ്പിന്റെ നേതൃത്വത്തിലുള്ള പെട്രോൾ പമ്പും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനും ശ്രീദാസ് മെഡിക്കൽസ് എന്ന ഹോൾസെയിൽ മെഡിക്കൽ സ്റ്റോറും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ന് നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ സംരംഭമായി എം.ടി. ഗ്രൂപ്പ് വളർന്നിരിക്കുന്നു. വ്യത്യസ്തമായ ആശയങ്ങളാണ് എം.ടി. ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെന്ന് സഞ്ജയ് പണിക്കർ പറയുന്നു.
കഴിഞ്ഞ 21 വർഷത്തിനിടെ നിരവധി പുരസ്കാരങ്ങൾ സഞ്ജയ് പണിക്കരെ തേടിയെത്തിയിട്ടുണ്ട്. 2004-ൽ സംസ്ഥാനത്തെ മികച്ച പി.ആർ.എം.വൈ. പുരസ്കാരം, 2007-ൽ മികച്ച പ്രിന്റിംഗ് യൂണിറ്റിനുള്ള അവാർഡ്, ഇന്ത്യൻ ബാങ്കിന്റെ പ്രോമിസിംഗ് എന്റർപ്രണർ അവാർഡ്, കേരള ഫിനാൻസ് കോർപ്പറേഷന്റെ മികച്ച സംരംഭകനുള്ള അവാർഡ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.