മുംബൈ : ഫോർച്യൂണർ ലീഡർ എഡിഷൻ 2025 പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). പുതുക്കിയ സ്റ്റൈലിംഗും പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പതിപ്പാണ് പുറത്തിറക്കിയത്. 4×2 ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകളിലാണ് ലീഡർ എഡിഷൻ ലഭ്യമാവുക. ആറ്റിറ്റ്യൂഡ് ബ്ലാക്ക്, സൂപ്പർ വൈറ്റ്, പേൾ വൈറ്റ്, സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഫ്രണ്ട്, റിയർ ബമ്പർ സ്‌പോയിലറുകൾ, ക്രോം ഗാർണിഷ് എന്നിവയുള്ള പുതിയ ഗ്രിൽ ഡിസൈൻ ഉൾപ്പെടെ നിരവധി പുതിയ സ്റ്റൈലിംഗ് ഘടകങ്ങൾ 2025 ഫോർച്യൂണർ ലീഡർ എഡിഷനിലുണ്ട്. കറുപ്പ് നിറത്തിലുള്ള ഡ്യുവൽ-ടോൺ റൂഫും വ്യത്യസ്തമായ ഹുഡ് എംബ്ലവും ആകർഷകമാണ്.
കറുപ്പും മെറൂണും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ സീറ്റുകളും ഡോർ ട്രിമ്മുകളും ഇന്റീരിയറിൽ വന്ന മാറ്റങ്ങളാണ്. ഓട്ടോ-ഫോൾഡിംഗ് മിററുകൾ, അലൂമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയും ലീഡർ എഡിഷനിലുണ്ട്.
ടൊയോട്ടയുടെ 1ജിഡി-എഫ്ടിവി 2.8 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് 2025 ഫോർച്യൂണർ ലീഡർ എഡിഷന്റെ കാതൽ. വേരിയബിൾ ജ്യോമട്രി ടർബോചാർജർ സജ്ജീകരിച്ചിരിക്കുന്നു. 201ബിഎച്ച്പി പവറും 500 എൻഎം ടോർക്കും നൽകുന്ന ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
2025 ഫോർച്യൂണർ ലീഡർ എഡിഷന്റെ ബുക്കിംഗ് ഒക്ടോബർ രണ്ടാം ആഴ്ച മുതൽ ആരംഭിക്കും. ഉപഭോക്താക്കൾക്ക് www.toyotabharat.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും വാഹനം ബുക്ക് ചെയ്യാം.
































