പ്രമുഖ വാഹനനിര്‍മ്മതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പ്രിയപ്പെട്ട എസ്.യു.വി മോഡലായ ജിംനിക്ക് മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കമ്പനി. 2023 ജൂണ്‍ 7നാണ് വാഹനത്തെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിച്ചത്. അന്ന് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ വലിയ മാറ്റങ്ങളൊന്നും മാരുതി ജിംനിയില്‍ കൊണ്ടുവന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് വാഹനപ്രേമികള്‍ ജിംനിയുടെ അപ്‌ഡേഷന് കാത്തിരിക്കുന്നത്.
വാഹനത്തിന്റെ പവര്‍ട്രെയ്‌നിലും ആന്തരിക ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് മാരുതി ശ്രമിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത വകഭേദം ആഗസ്റ്റ് മാസത്തില്‍ ജപ്പാനില്‍ അവതരിപ്പിക്കും. ഇന്ത്യ-സ്‌പെക് 5 ഡോര്‍ ജിംനി നൊമാഡിന് ഇതിനോടകം നിരവധി അപ്‌ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുന്നതോടെ ബാക്കി മോഡലുകളും കൂടുതല്‍ മെച്ചപ്പെടും.
മാരുതി ജിംനിയില്‍ പ്രതീക്ഷിക്കുന്ന അപ്‌ഡേറ്റുകള്‍
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമായും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസ്സിസ്റ്റന്‍സ് സിസ്റ്റം (എ.ഡി.എ.എസ്) ഉള്‍പെടുത്താനാകും മാരുതി ശ്രമിക്കുന്നത്. കൂടാതെ ഡ്യൂവല്‍-കാമറ ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം, ട്രാഫിക് സിഗ്നലുകള്‍ മനസ്സിലാക്കി വാഹനം നിര്‍ത്താനുള്ള സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്‍, ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ റിവേഴ്സ് ബ്രേക്ക് സപ്പോര്‍ട്ട് എന്നിവയും പുതിയ അപ്‌ഡേഷനോടെ ജിംനിക്ക് ലഭിക്കും. ഓഫ്റോഡ് വകഭേദങ്ങളിലുള്ള 5 ഡോര്‍ ജിംനിക്ക് ഇത് കൂടുതല്‍ കരുത്തേകും.
വാഹനത്തിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിംനിയുടെ സിഗ്നേച്ചര്‍ ബോക്സി ഡിസൈന് ആഗോള വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡാണുള്ളത്. ഇതേ മോഡല്‍ പിന്തുടരുന്ന ഇന്ത്യന്‍-സ്‌പെക് ജിംനി നൊമാഡ് നാല് ദിവസംകൊണ്ട് 50,000ത്തിലധികം ബുക്കിങ്ങുകളാണ് ജപ്പാനില്‍ നിന്നും നേടിയത്. ഇത് മൂന്ന് വര്‍ഷത്തിനിടയിലുള്ള ജിംനിയുടെ വില്‍പ്പനയിലെ റെക്കോഡ് നേട്ടമാണ്.