ശാസ്താംകോട്ട. പോരുവഴി പഞ്ചായത്തിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് വിനു നായര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
കൊല്ലം ജില്ലയുടെ അതിർത്തിയിൽ ഗ്രാമമായ പ്രദേശമാണ് പോരുവഴി ഗ്രാമപഞ്ചായത്ത്. മലയോര മേഖലകളും വരൾച്ചാ ബാധിത മേഖലകളും ഉൾപ്പെടുന്ന പോരുവഴി ഗ്രാമപഞ്ചായത്തിൽ സാധാരണക്കാരും, പട്ടികജാതി വിഭാഗക്കാരും കശുവണ്ടി തൊഴിലാളികളും, കർഷകരുമാണ് കൂടുതലായും അധിവസിച്ചുപോരുന്നത്. അതിരൂക്ഷമായ വരൾച്ച കാരണം ഗാർഹിക കിണറുകളും, പട്ടികജാതി സങ്കേതങ്ങളിലെ കുടിവെള്ള കിണറുകളും വറ്റിവരണ്ട അവസ്ഥയിലാണ്. 8000-ൽപ്പരം വരുന്ന കുടുംബങ്ങളിൽ ഭൂരിഭാഗവും കിണറുകളും, വാട്ടർ അതോറിറ്റിയുടെ ഗാർഹിക കുടിവെള്ള കണക്ഷനുകളെയുമാണ് ആശ്രയിച്ച് പോന്നിരുന്നത്. എന്നാൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചത് മുതൽ കുടിവെള്ള വിതരണം ആകെ താറുമാറായ സ്ഥിതിയാണ്.
നിലവിലുണ്ടായിരുന്ന എല്ലാ പൈപ്പുലൈനുകളും ഇളക്കി മാറ്റിയിട്ടും നാളിതുവരെ ആയവ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. പ്രധാന ലൈനുകളിൽ എല്ലാം തന്നെ നിർമ്മാണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച അവസ്ഥയാണ്. കുടിവെള്ളം മുടങ്ങിയതിൽ പൊതുജനങ്ങള്ക്കിടയിൽ അമർഷം രൂക്ഷമാവുകയും പഞ്ചായത്തിലേക്ക് നിരവധി നിവേദനങ്ങളും പരാതികളും ലഭ്യമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് നിലവിൽ ഗ്രാമപഞ്ചായത്തിന് യാതൊരു പോംവഴിയും ഇല്ലാത്ത അവസ്ഥയാണ്. മേൽ സാഹചര്യത്തിൽ രൂക്ഷമായ വരൾച്ചയെ ദുരന്ത ബാധിത പ്രതിരോധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിൽ ജലഅതോറിറ്റിയുടെ സഹകരണത്തോടെ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.








































