സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

Advertisement

കണ്ണൂര്‍. ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. മൈസൂരുവിൽ നിന്നാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ സുധീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ പ്രാദേശിക കോൺഗ്രസ്‌ നേതാവ് സുനീഷ് തോമസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സുഹൃത്ത് സുനീഷിനൊപ്പം ചേർന്നാണ് സുധീർ ബാങ്കിൽ നിന്ന് സ്വർണം കവർന്നത്. തട്ടിയെടുത്തതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണം പൂർണമായി വിൽപ്പന നടത്തിയെന്നാണ് പ്രതികളുടെ മൊഴി. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. തട്ടിപ്പിൽ ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു