ഐക്യൂഒഒ 15 നാളെ ഇന്ത്യന്‍ വിപണിയില്‍

Advertisement

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐക്യൂഒഒ 15 ഇതിനകം ചൈനയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 72,999 രൂപയും ഉയര്‍ന്ന 16 ജിബി, 512 ജിബി ഓപ്ഷന് 79,999 രൂപയുമാണ് വിലയായി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വണ്‍പ്ലസ് 15ന് സമാനമായ വിലയായിരിക്കും ഐക്യൂഒഒ 15നും. വരുംദിവസങ്ങളില്‍ ഇവ തമ്മില്‍ കടുത്ത മത്സരത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

രണ്ട് വേരിയന്റുകളും ആല്‍ഫ, ലെജന്‍ഡ് എന്നീ രണ്ട് നിറങ്ങളില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറും ഒറിജിന്‍ ഒഎസ് 6ല്‍ നിര്‍മ്മിച്ച പുനര്‍രൂപകല്‍പ്പന ചെയ്ത യൂസര്‍ ഇന്റര്‍ഫേസും ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂഒഒ 15ന് കരുത്തുപകരുക പുതിയ ഒറിജിന്‍ ഒഎസ് 6 ഇന്റര്‍ഫേസ് ആണ്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ചിത്രങ്ങള്‍ക്ക് കൂടുതല്‍ ചാരുത നല്‍കും. പുനര്‍രൂപകല്‍പ്പന ചെയ്ത ‘ഡൈനാമിക് ഗ്ലോ’ ഇന്റര്‍ഫേസില്‍ ഹോം സ്‌ക്രീന്‍, ലോക്ക് സ്‌ക്രീന്‍, ആപ്പ് ലേഔട്ട് എന്നിവ ക്രമീകരിക്കും.

ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ലുക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒറിജിന്‍ ഒഎസ് 6 ചൈനയില്‍ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ദൃശ്യത്തിനായി റിയല്‍-ടൈം, പ്രോഗ്രസീവ് ബ്ലര്‍, സ്റ്റാക്ക്ഡ് നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡിനെ മാതൃകയാക്കി നിര്‍മ്മിച്ച ‘ആറ്റോമിക് ഐലന്‍ഡ്’ ആണ് മറ്റൊരു സവിശേഷത. സ്‌ക്രീനിന്റെ മുകളില്‍ നിന്ന് നേരിട്ട് സ്റ്റോപ്പ് വാച്ച്, മ്യൂസിക് പ്ലേബാക്ക് പോലുള്ള അലര്‍ട്ടുകളും കണ്‍ട്രോള്‍ ടൂളുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കും.

2K (1,440 × 3,168 പിക്‌സലുകള്‍) റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് M14 AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 144Hz വരെ പുതുക്കല്‍ നിരക്കും 508 ppi പിക്‌സല്‍ സാന്ദ്രതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് അഡ്രിനോ 840 GPUയുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoCയില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 16GB വരെ LPDDR5X അള്‍ട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഉള്‍പ്പെടുന്നു.

ഫോട്ടോഗ്രാഫിക്ക് വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണില്‍ 50MP മെയിന്‍ സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സിസ്റ്റം, 100x ഡിജിറ്റല്‍ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 50MP അള്‍ട്രാ-വൈഡ് കാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി 32MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. 100W വയര്‍ഡ്, 40W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

Advertisement